കാസബ്ലാങ്ക– മൊറോക്കോയിൽ വ്യാഴാഴ്ച ആരംഭിച്ച നാലാമത് അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം. പൊതുവിഭാഗത്തിൽ 50 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഖത്തർ നീന്തൽ താരം അലി സയീദാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. 24.11 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ അലി, ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കുകയായിരുന്നു.
13-14 വയസ്സ് വിഭാഗത്തിൽ 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ ഖത്തറിന്റെ ആദം മോർസി 31.23 സെക്കൻഡിൽ പുതിയ അറബ് റെക്കോർഡോടെ സ്വർണം നേടി. പുരുഷന്മാരുടെ 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ മുഹമ്മദ് മഹ്മൂദ് 28.53 സെക്കൻഡിൽ സ്വർണം നേടി, ഇതോടെ ഖത്തറിന്റെ മൊത്തം സ്വർണ മെഡൽ എണ്ണം മൂന്നായി. 17-18 വയസ്സ് വിഭാഗത്തിൽ 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ ഹംസ ഷാലാൻ 29.13 സെക്കൻഡിൽ വെള്ളി നേടി. 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഖത്തർ ടീം 7:55.80 മിനിറ്റിൽ വെള്ളി മെഡലും സ്വന്തമാക്കി
19 അറബ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പ്, 2025 സെപ്റ്റംബർ 1 വരെ മൊറോക്കോയിൽ നടക്കും. നീന്തൽ, വാട്ടർ പോളോ, ഓപ്പൺ വാട്ടർ നീന്തൽ എന്നിവയാണ് മുഖ്യ ഇനങ്ങൾ.