കൊച്ചി– റിപ്പോർട്ടർ ടി.വിക്കെതിരെ ആരോപണവുമായി മറ്റൊരു മാധ്യമപ്രവർത്തകയും രംഗത്ത്. സ്ഥാപനത്തിലെ ഒരു മാധ്യമപ്രവർത്തകനിൽ നിന്നും മാനസികമായി പീഡനം നേരിടേണ്ടി വന്നു എന്ന് ആരോപിച്ചാണ് മാധ്യമപ്രവർത്തക രംഗത്ത് വന്നത്. തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തിപരമായ നേട്ടത്തിനും തൊഴിലിടത്തിലെ തൻ്റെ വളർച്ചക്കെതിരെയും ഇയാൾ ഉപയോഗിച്ചു എന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു. മാനേജ്മെന്റിൽ പരാതി നൽകിയിട്ടും പ്രയോജനമൊന്നും ഉണ്ടായില്ലെന്നും അവർ തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
റിപ്പോർട്ടർ ചാനലിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഒരു വനിതാ റിപ്പോർട്ടറും രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു മാധ്യമപ്രവർത്തകയുടെ ഫേസ്ബുക് പോസ്റ്റും ചർച്ചയാവുന്നത്.
മാധ്യമപ്രവർത്തകയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
അഞ്ജനയുടെ Anjana Anilkumar ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ വിവിധയിടങ്ങളിൽ നിന്ന് നിരവധി പേർ എന്നോടും സംശയങ്ങൾ ഉന്നയിക്കുന്നതിനാൽ വ്യക്തതയ്ക്കു വേണ്ടി എഴുതട്ടെ…..
റിപോർട്ടർ ഡിജിറ്റൽ വിഭാഗത്തിൽ ന്യൂസ് എഡിറ്റർ ആയിരുന്ന ഞാൻ ജോലി വിടാനുണ്ടായ സാഹചര്യം ഡിജിറ്റൽ ഇൻ ചാർജ് ഷഫീഖ് താമരശേരിയുമായി ഉണ്ടായ പ്രശ്നങ്ങളാണ്. ജോലി സംബന്ധമായും ടീം സംബന്ധമായും ഞങ്ങൾക്കിടയിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ ടിയാൻ വ്യക്തിപരമായ നേട്ടത്തിനും തൊഴിലിടത്തിലെ എൻ്റെ വളർച്ചക്കെതിരെയും ഉപയോഗിക്കുന്നു എന്ന് വ്യക്തമായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഞാൻ പരാതിയുമായി മാനേജ്മെൻ്റിനെ സമീപിച്ചത്. എന്നാൽ, ഭർത്താവ് മരിച്ച് അധിക കാലം ആയിട്ടില്ലാത്തതിനാൽ വൈകാരിക സ്ഥിരത എനിക്കില്ല എന്ന് വരുത്തിത്തീർക്കുകയാണ് ടിയാൻ ചെയ്തത്. ഞാൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾ തൊഴിൽപരമല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും സഹപ്രവർത്തകർക്കിടയിൽ എന്നെ ഇമോഷണലി വീക്കായ സ്ത്രീയായി ചിത്രീകരിച്ച് എന്നെ മാനസിക സമ്മർദ്ദത്തിലാക്കുകയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങളും രണ്ട് വർഷത്തിനുള്ളിൽ രണ്ട് മൈനർ സർജറികൾ വേണ്ടി വന്നതിനാലും ഞാനെടുത്ത അവധികൾ നിയമാനുസൃതമായിട്ടു കൂടി എനിക്കെതിരെ ആയുധമായി. ഇതൊക്കെ മാനേജ്മെൻ്റിനു ബോധ്യപ്പെട്ടതുമാണ്. അയാളുടെ സ്വഭാവത്തക്കുറിച്ചും ടോക്സിക് രീതികളെക്കുറിച്ചും വ്യക്തമായി അറിയാമെന്നും കൂടെയുണ്ടെന്നും ഉറപ്പ് നല്കിയ മാനേജ്മെൻ്റ് ഗ്രൂപ്പ് മീറ്റിംഗിൽ കടകവിരുദ്ധമായി നിലപാടെടുത്തതിനും ഞാൻ സാക്ഷിയായി. തുടർന്ന് മാനസികാരോഗ്യം മോശമായതോടെ ചാനലിലെ തലപ്പത്തുള്ള എല്ലാവരോടും ഇക്കാര്യങ്ങൾ ഞാൻ നേരിട്ട് പറഞ്ഞു. POSH Act ൻ്റെ പരിധിയിൽ വരുന്നതിന് തെളിവായി പക്കലുള്ള വോയിസ് മെസേജുകൾ അടക്കം എച്ച് ആറിനെ കേൾപ്പിച്ചിട്ടുള്ളതുമാണ്. എന്നാൽ, സാരമില്ലെന്നും ഒക്കെ ശരിയാവും മാനസികാരോഗ്യം ശ്രദ്ധിക്കൂ എന്നുമുള്ള സമാശ്വസിപ്പിക്കലാണ് ഉണ്ടായത്. എന്നെ രക്ഷിക്കുകയാണ് എന്ന് തോന്നിപ്പിച്ച് ചാനൽ ഡെസ്കിലേക്ക് മാറ്റം നല്കുകയായിരുന്നു അടുത്ത പടി. കോപ്പി ഡെസ്കിൽ ജോലി തുടങ്ങി ഒരാഴ്ച്ചയ്ക്കു ശേഷം എന്നോട് ഷെഫീഖ് പറഞ്ഞത് വീണ പ്രശ്നക്കാരിയായതുകൊണ്ട് ചാനലിലേക്ക് മാറ്റാൻ അയാൾ മുൻകയ്യെടുത്തു എന്നാണ്. എൻ്റെ അഭിപ്രായങ്ങളും നിലപാടുകളും അയാൾക്ക് ബുദ്ധിമുട്ടാണെന്നും സ്വകാര്യ ജീവിതത്തിലെ ട്രാജഡി മൂലം ഞാൻ തൊഴിലിടത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും എന്നോടയാൾ പറഞ്ഞു. കുറഞ്ഞ കാലം കൊണ്ട് അനുഭവിച്ച ഇമോഷണൽ ഹരാസ്മെൻ്റും ഗ്യാസ് ലൈറ്റിംഗും അപ്പോഴേക്കും എന്നെ തളർത്തിയിരുന്നു. ജോലിയെടുക്കാനുള്ള അവകാശവും അവസരവും പരിമിതപ്പെട്ടത് എൻ്റെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചു. നീതി നിഷേധം നടന്നു എന്ന് സമ്മതിക്കുമ്പോഴും തലപ്പത്തുള്ളവരാരും അയാൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല. പകരം, എന്നെ തൊഴിലിടത്തിൽ കൂടുതൽ മാനസിക സമ്മർദ്ദത്തിലാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. പിന്നാലെ സ്ഥാപനം വിടാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. അത്രയധികം ടോക്സിക്കായ അനുഭവം ഇയാളിൽ നിന്ന് നേരിടേണ്ടി വന്ന പലരും അതിനു പിന്നാലെ എന്നോട് സംസാരിച്ചിട്ടുണ്ട്. നല്ല സുഹൃത്ത് എന്ന് കരുതിയ വ്യക്തി സ്വന്തം നേട്ടത്തിനായി ഏതറ്റം വരെയും മാനിപുലേഷൻ നടത്തുമെന്ന തിരിച്ചറിവ് എനിക്ക് ഷോക്കായിരുന്നു. അവിടെ നിന്ന് ഇറങ്ങുമ്പോൾ പേര് പരാമർശിക്കാതെ കാര്യങ്ങൾ പറഞ്ഞത് പലരെക്കുറിച്ചും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതും ഈ കുറിപ്പെഴുതാൻ കാരണമായി.
https://www.facebook.com/share/p/195Cm5gKqB/