സ്വർണവില കുറയുമ്പോൾ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരാണ് പലയാളുകളും. എന്നാൽ ഒരാൾക്ക് എത്ര സ്വർണം കയ്യിൽ വെക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ? നിയമം അനുവദിക്കുന്ന പരിധിയിൽ കൂടുതൽ സ്വർണം കൈയിൽ വച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് എന്തൊക്കെയാണെന്നറിയുമോ? പുരുഷനും സ്ത്രീക്കും കൈയിൽ എത്ര സ്വർണം കരുതാം എന്നീ വിവരങ്ങൾ നോക്കാം.
ആദായനികുതി വകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്, വ്യക്തികൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവ് സ്ത്രീകൾക്ക് വിവാഹിതയാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണ്. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണവും അവിവാഹിതക്ക് 250 ഗ്രാം സ്വർണം വരെയും സൂക്ഷിക്കാം. എന്നാൽ വിവാഹതിനാണെങ്കിലും അല്ലെങ്കിലും പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം വരെ മാത്രമേ സൂക്ഷിക്കാൻ അനുമതിയുള്ളൂ.
ഈ പരിധിക്ക് മുകളിൽ സ്വർണം സൂക്ഷിക്കുന്നവർ അതിന്റെ ഉറവിടം തെളിയിക്കുകയോ പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ രേഖകൾ സമർപ്പിക്കണം. വരുമാനമായി ബന്ധപ്പെട്ട രേഖകളിലെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും മേൽ പറഞ്ഞ പരിധികളിൽ കുറഞ്ഞ സ്വർണം ഒരാൾ കൈവശം വച്ചതായി കണ്ടെത്തിയാൽ അത് പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പിന് സാധിക്കില്ല.
അനധികൃത സ്വത്ത് സമ്പാദനം സംശയിക്കുന്ന സാഹചര്യങ്ങളിൽ വീടുകളിൽ റെയ്ഡ് നടത്താൻ ആദായനികുതി വകുപ്പിന് അധികാരമുണ്ട്. സ്വർണം വാങ്ങിയതിന്റെ രേഖകളോ അല്ലെങ്കിൽ പാരമ്പര്യമായി ലഭിച്ച രേഖകളോ സൂക്ഷിച്ചില്ലെങ്കിൽ സ്വർണം കണ്ടുകെട്ടുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യും. ഉറവിടം വിശദീകരിക്കാൻ കഴിയാത്ത സാഹചര്യം അല്ലെങ്കിൽ വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ചുള്ള രഹസ്യവിവരം എന്നിവ റെയ്ഡിന് കാരണമാകാം.
നിയമപരമായ പരിധിക്ക് മുകളിൽ സ്വർണം സൂക്ഷിക്കുന്നവർ, അതിന്റെ ഉറവിടം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ, ആദായനികുതി വകുപ്പിന്റെ നടപടികൾക്ക് വിധേയരാകാം. ഇത് ജപ്തി, പിഴ അല്ലെങ്കിൽ നിയമനടപടിയിലേക്കോ നയിച്ചേക്കാം. എന്നാൽ കല്യാണത്തിനോ മറ്റോ സമ്മാനമായി ലഭിച്ച സ്വർണമാണെങ്കിലും വാങ്ങിയ ബില്ലോ, അല്ലെങ്കിൽ ഉപഹാരം നൽകിയതിനുള്ള രേഖകളോ കൈമാറണം.