മസ്‌കത്ത്– പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തോടെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ ട്രാഫിക് പദ്ധതികൾ ആരംഭിച്ച് റോയൽ ഒമാൻ പോലീസ്. പ്രധാന റോഡുകളിലും പാലങ്ങളിലും സ്‌കൂളുകൾക്ക് സമീപവും പോലീസ് സാന്നിധ്യം ശക്തിപ്പെടുത്തി ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുമെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എഞ്ചിനിയർ അലി ബിൻ സലിം അൽ ഫലാഹി പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഡ് അപകടങ്ങൾ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രാലയവും റോഡ് സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ ശ്രമങ്ങളുടെ ഫലമാണെന്ന് ഈ നേട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനവും നൽകുന്നുണ്ട്. ഇതിനോടകം 497 ഡ്രൈവർമാർക്കാണ് പ്രത്യേക പരിശീലന പരിപാടിയിലൂടെ സർട്ടിഫിക്കേഷൻ ലഭിച്ചത്. ട്രാഫിക് നിയമങ്ങളെ പറ്റി പൊതുജനങ്ങളിലും സ്‌കൂൾ അധികൃതർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്ക് പരിശീലനവും ബോധവൽക്കരണ കാമ്പയിനുകളും നടത്തുന്നുണ്ട്. വിയ സേഫ്റ്റി എന്ന പദ്ധതിയിലൂടെ വിദ്യാർഥികളുടെ സുരക്ഷക്കായി ഷെൽ ഒമാൻ ഉൾപ്പെടെയുള്ള സ്വകാര്യ മേഖലകളുമായും അധികൃതർ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.