മിയാമി – ലീഗ്സ് കപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മിയാമിക്ക് ജയം. കരുത്തരായ ഒർലാൻഡോ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് മെസ്സിയും സംഘവും കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. 75 മിനുറ്റ് വരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം അവസാന 15 മിനിറ്റുകളിൽ ഗോളുകൾ തിരിച്ചടിച്ചാണ് മിയാമി സ്വന്തമാക്കിയത്. ഇതിനിടയിൽ ചുവപ്പു കാർഡ് കണ്ടത് ഒർലാൻഡോക്ക് തിരിച്ചടിയാവുകയും ചെയ്തു.
മിയാമിക്ക് വേണ്ടി മെസ്സി ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു നേടിയത് വെനസ്വേലൻ താരമായ ടെലാസ്കോ സെഗോവിയയാണ്. എതിരാളികൾക്ക് വേണ്ടി മാർക്കോ പസാലിചും ഗോൾ നേടി.
ആദ്യ പകുതിയിൽ ഒർലാൻഡോ ഗ്രൗണ്ടിൽ നിറഞ്ഞു കളിക്കുന്നതാണ് കണ്ടത്. പലതവണ മിയാമി ഗോൾ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടെങ്കിലും തുടക്കത്തിൽ ഒന്നും കാര്യമുണ്ടായില്ല. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് പസാലിചിന്റെ ഒരു കിടിലൻ ഗോളിൽ ഒർലാൻഡോ മുന്നിലെത്തി.
രണ്ടാം പകുതിയിൽ ഗോളുകൾ തിരിച്ചടിച്ചു മത്സരത്തിലേക്ക് തിരിച്ചു വരാനായി ശ്രമിക്കുന്ന മറ്റൊരു മിയാമിയെയാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. 74 മിനുറ്റിൽ അർജന്റീനിയൻ താരമായ ടാഡിയോ അലെൻഡെയെ വലിച്ചു താഴെ ഇട്ടതിനെ തുടർന്ന് രണ്ടാം മഞ്ഞ കാർഡും കൂടി ലഭിച്ചതോടെ ഡേവിഡ് ബ്രേക്കലോ മടങ്ങുന്നു. പെനാൽറ്റിയെടുത്ത മെസ്സി കൃത്യമായി പന്തു വലയിൽ എത്തിച്ചതോടെ മിയാമി ഒപ്പമെത്തുന്നു. ആത്മവിശ്വാസം വീണ്ടെടുത്ത മിയാമി വീണ്ടും ആക്രമിച്ചു കളിക്കുന്നു. 88ആം മിനിറ്റിൽ ഉറ്റ സുഹൃത്തും മുൻ ബാർസ താരവുമായ ജോർദി ആൽബ നൽകിയ പന്ത് ഗോളാക്കി ക്ലബ്ബിനെ മുന്നിലെത്തിക്കുന്നു. മൂന്നു മിനുറ്റുകൾക്ക് ശേഷം ലൂയിസ് സുവാരസിന്റെ അസിസ്റ്റിൽ സെഗോവിയയും കൂടി ഗോൾ നേടിയതോടെ മിയാമി ഫൈനൽ ഉറപ്പിച്ചു.
ഇന്നു നടന്ന മറ്റൊരു സെമി ഫൈനൽ പോരാട്ടത്തിൽ ലാ ഗാലക്സിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു സിയാറ്റിൽ സൗണ്ടേഴ്‌സ് ഫൈനലിലേക് പ്രവേശിച്ചു. ഒസാസെ റൊസാരിയോ,പെഡ്രോ ഡി ലാ വേഗ എന്നിവരാണ് ഗോളുകൾ നേടിയത്.
ഇന്റർ മിയാമി – സിയാറ്റിൽ സൗണ്ടേഴ്‌സ് തമ്മിലുള്ള കലാശ പോരാട്ടം സെപ്റ്റംബർ ഒന്നിന് നടക്കും.