ദുബൈ – അബൂസബാഹ് എന്നറിയപ്പെടുന്ന ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിങ് സാഹ്നിക്ക് ദുബായ് ക്രിമിനൽ കോടതി വിധിച്ച അഞ്ചു വർഷത്തെ ശിക്ഷ നാല് വർഷമായി ദുബൈ അപ്പീൽ കോടതി കുറച്ചു. യു.എ.ഇയിൽ ഇതുവരെ വിചാരണ ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഒന്നാണിത്. ബൽവീന്ദർ സിങ്ങിനും സഹപ്രതികൾക്കുമെതിരായ പിഴകൾ അപ്പീൽ കോടതി നിലനിർത്തി. ആകെ 32 പ്രതികളും ചേർന്ന് 15 കോടി ദിർഹം നൽകണമെന്നും ഇതിനു പുറമെ അഞ്ചു ലക്ഷം ദിർഹം പിഴയും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടലും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം അബൂസബാഹിനെ യു.എ.ഇയിൽ നിന്ന് നാടുകടത്തും.
യു.എ.ഇ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ ശാഖകളുള്ള പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഉടമയായ പ്രതി, ഷെൽ കമ്പനികളും സംശയാസ്പദമായ ക്രോസ്-ബോർഡർ ട്രാൻസ്ഫറുകളും ഉപയോഗിച്ച് അനധികൃത ഫണ്ടുകൾ മറച്ചുവെക്കാൻ സംഘടിത ശൃംഖലയുടെ ഭാഗമായി പണം വെളുപ്പിച്ചതിന് ക്രിമിനൽ കോടതി ശിക്ഷിക്കുകയായിരുന്നു. തുടക്കത്തിൽ അഞ്ച് വർഷം തടവും അഞ്ചു ലക്ഷം ദിർഹം പിഴയും 15 കോടി ദിർഹം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ കോടതി വിധി പരിഷ്‌കരിച്ച് തടവ് ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് നാല് വർഷമായി കുറക്കുകയും പിഴയും സ്വത്ത് കണ്ടുകെട്ടലും സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, 15 കോടി ദിർഹം പിഴ മുഴുവൻ പ്രതികളുടെയും സംയുക്ത ബാധ്യതയാക്കി അപ്പീൽ കോടതി വിധിച്ചു. ഈ തുക അബൂസബാഹ് ഒറ്റക്ക് വഹിക്കണമെന്നാണ് ക്രിമിനൽ കോടതി വിധിച്ചിരുന്നത്.
ആകെ 33 പ്രതികൾക്ക് ശിക്ഷ വിധിച്ചു. ചിലരുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. പതിനൊന്ന് പേർക്ക് അഞ്ച് വർഷം തടവും അഞ്ചു ലക്ഷം ദിർഹം വീതം പിഴയും, പത്തു പേർക്ക് ഒരു വർഷം തടവും രണ്ടു ലക്ഷം ദിർഹം വീതം പിഴയും മൂന്ന് കമ്പനികൾക്ക് 50 ലക്ഷം ദിർഹം വീതം പിഴയും വിധിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടുകെട്ടാനും അപ്പീൽ കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെ കുറിച്ച് ദുബൈ പോലീസിന് സൂചന ലഭിക്കുകയായിരുന്നു. 2024 ഡിസംബറിൽ കേസ് പ്രോസിക്യൂട്ടർമാർക്ക് കൈമാറി. ജനുവരിയിൽ ആദ്യ വാദം കേൾക്കലുകൾ ആരംഭിച്ചു. ദുബൈയിൽ ആഡംബര ജീവിതശൈലിക്ക് പേരുകേട്ട അബൂസബാഹ്, 2016 ൽ 5 എന്ന നമ്പറിലുള്ള കൊതിപ്പിക്കുന്ന ഫാൻസി നമ്പർ പ്ലേറ്റ് ലേലത്തിലൂടെ 3.3 കോടി ദിർഹത്തിന് സ്വന്തമാക്കി കുപ്രസിദ്ധി നേടിയിരുന്നു.