ജിദ്ദ– 2034 ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ സൗദി അറേബ്യ 14 അത്യാധുനിക സ്റ്റേഡിയങ്ങൾ നിർമിക്കുന്നു. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രാദേശിക നിർമാണ സ്ഥാപനങ്ങൾ ഈ സ്റ്റേഡിയങ്ങൾ ഒരുക്കുന്നതിലൂടെ, സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഫിഫ മാനദണ്ഡങ്ങൾക്കനുസരിച്ച് 14 സ്റ്റേഡിയങ്ങൾ ആവശ്യമാണ്, ഇതിന്റെ ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. സ്പെയിൻ, ബെൽജിയം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി ചേർന്നാണ് അടിസ്ഥാന സൗകര്യ വികസനം നടക്കുന്നത്. പ്രാദേശിക നിർമാണ കമ്പനികൾക്ക് ഇതിനായി വിവിധ കരാറുകളും ലഭിച്ചിട്ടുണ്ട്.
ഉദ്ഘാടനവും ഫൈനൽ മത്സരവും നടക്കുന്നതിനായി 80,000 പേരെ ഉൾക്കൊള്ളുന്ന ഒരു സ്റ്റേഡിയം, സെമിഫൈനലിന് 60,000 പേർക്ക് ശേഷിയുള്ള സ്റ്റേഡിയങ്ങൾ, മറ്റു മത്സരങ്ങൾക്കായി 40,000 പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയങ്ങൾ എന്നിവയാണ് നിർമിക്കുന്നത്. ഇതിൽ ഒരു സ്റ്റേഡിയത്തിന്റെ താൽക്കാലിക നിർമ്മാണം ആരംഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ പ്രധാന സ്റ്റേഡിയങ്ങൾ ഒരുങ്ങും.
കോടിക്കണക്കിന് ഡോളറിന്റെ കരാറുകൾ കഴിഞ്ഞ മാസങ്ങളിൽ അനുവദിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയങ്ങൾ നിർമിക്കുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനോടൊപ്പം, നിർമാണ മേഖലയിൽ വൻ വളർച്ച കൈവരിക്കാനും സൗദി ലക്ഷ്യമിടുന്നു.