തിരുവനന്തപുരം – കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ തുടർച്ചയായ മൂന്ന് ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ 33 റൺസിന്റെ വിജയമാണ് കാലിക്കറ്റ് നേടിയത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ആറു റൺസകലെ സെഞ്ച്വറി നഷ്ടമായപ്പോൾ മറ്റൊരു മത്സരത്തിലും ഓൾ റൗണ്ടർ പ്രകടനവുമായി അഖിൽ സഖരിയ നിറഞ്ഞുനിന്നു.
ആദ്യം ചെയ്ത കാലിക്കറ്റ് നാലു വിക്കറ്റ് നഷ്ടത്തിൽ 249 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തുന്നതിൽ രോഹൻ കുന്നുമ്മൽ ( 43 പന്തിൽ 94 റൺസ് ), അജിൻദാസ് ( 33 പന്തിൽ 49 റൺസ് ), അഖിൽ ( 19 പന്തിൽ 45 റൺസ്) എന്നിവർ നിർണായ പങ്കു വഹിച്ചു. ആദ്യ വിക്കററ്റ് കൂട്ടുകെട്ടിൽ തന്നെ സുരേഷ് സച്ചിനുമായി ( 28) ഒന്നിച്ച് 102 റൺസിൽ എത്തിച്ചിരുന്നു. ബൗളിംഗ് എറിയാൻ എത്തിയവരെല്ലാം റൺസ് നല്ലതുപോലെ വഴങ്ങിയിരുന്നു.
സഞ്ജു സാംസൺ ഇല്ലാതെ ബാറ്റിംഗിന് ഇറങ്ങിയ കൊച്ചി 19 ഓവറിൽ 216 റൺസിന് എല്ലാവരും പുറത്തായി. തുടക്കക്കാരായ മുഹമ്മദ് ഷാനു (53), രാകേഷ് (38), വിനുപ് മനോഹരൻ (36) ആദ്യം ഓവറുകളിൽ അടിച്ചെടുത്ത് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇവരുടെ പിന്നാലെ വന്നവർ പെട്ടെന്ന് പുറത്തായത് തിരിച്ചടിയായി. വാലറ്റ താരമായ മുഹമ്മദ് ആഷിക് ( 11 പന്തിൽ 38 റൺസ്) വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചെങ്കിലും കാര്യമുണ്ടായില്ല.
ബൗളിങിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഖിൽ നാല് വിക്കറ്റുകൾ നേടിയപ്പോൾ അൻഫൽ, മനു കൃഷ്ണൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി ഉറച്ച പിന്തുണ നൽകി.
ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ കാലിക്കറ്റ് പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചു ആറു പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ്.. ഇതേ പോയിന്റ് ഉള്ള കൊച്ചി ഒന്നാമതും തൃശൂർ മൂന്നാമതുമാണ്.