ബ്രസ്സൽസ്: ഗാസയിൽ ഇസ്രായിൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങളെ അപലപിക്കാത്ത യൂറോപ്യൻ യൂണിയന്റെ (EU) മൗനം അതിന്റെ ആഗോള വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്ന് 209 മുൻ യൂറോപ്യൻ നയതന്ത്രജ്ഞർ ആരോപിച്ചു. 110 മുൻ അംബാസഡർമാർ, 25 മുതിർന്ന ഡയറക്ടർ ജനറൽമാർ, യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവീസിന്റെ മുൻ സെക്രട്ടറി ജനറൽ അലൈൻ ലെ റോയ്, യൂറോപ്യൻ കമ്മീഷന്റെ മുൻ സെക്രട്ടറി ജനറൽ കാർലോ ട്രോജൻ എന്നിവർ ഉൾപ്പെടുന്ന ഈ സംഘം, ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച സംയുക്ത കത്തിൽ യൂറോപ്യന്‍ യൂണിയനോട് അടിയന്തര നടപടികൾ ആവശ്യപ്പെട്ടു. ഇസ്രായിലിന്റെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാനും സമ്മർദം ചെലുത്തണമെന്ന് കത്ത് ആഹ്വാനം ചെയ്യുന്നു.
നയതന്ത്രജ്ഞർ യൂറോപ്യന്‍ യൂണിയന് നിർദേശിച്ച ഒമ്പത് നടപടികളിൽ ഇവ ഉൾപ്പെടുന്നു: ഇസ്രായിലേക്കുള്ള ആയുധ കയറ്റുമതി ലൈസൻസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുക, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ജൂത കുടിയേറ്റ കോളനികളിൽ നിന്നുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായിൽ സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ യൂറോപ്യൻ ഡാറ്റാ സെന്ററുകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും വിലക്കുക. യൂറോപ്യന്‍ യൂണിയന് ഒരു കൂട്ടായ നിലപാട് രൂപീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അംഗരാഷ്ട്രങ്ങൾ ഒറ്റയ്ക്കോ ചെറു ഗ്രൂപ്പുകളായോ പ്രവർത്തിക്കണമെന്ന് കത്ത് നിർദേശിക്കുന്നു.
യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളിൽ വ്യാപകമായ അസംതൃപ്തി നിലനിൽക്കുന്നു. ഗാസയിലെ മാനുഷിക പ്രതിസന്ധി നീണ്ടുനിൽക്കുന്നതിനാൽ, നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- ഫലസ്തീനിലെ മുൻ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും കത്തിന്റെ പ്രധാന രചയിതാക്കളിൽ ഒരാളുമായ സ്വെൻ കോയെൻ വോൺ ബർഗ്സ്ഡോർഫ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ നിഷ്ക്രിയത്വം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് കത്തിൽ ഒപ്പിട്ടവർ മുന്നറിയിപ്പ് നൽകി.
യൂറോപ്യന്‍ യൂണിയന്‍ പൗരന്മാർക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെടുന്നതായി കത്ത് ചൂണ്ടിക്കാട്ടുന്നു. ജർമനിയിൽ 2025-ൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ, 80% പേർ ഗാസയിലെ ഇസ്രായിലിന്റെ നടപടികളെ എതിർക്കുന്നതായും, മൂന്നിൽ രണ്ട് ഭാഗം പേർ ഇസ്രായിലിനെതിരെ സർക്കാർ കൂടുതൽ കർശന നിലപാട് സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നതായും അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നു.