കോട്ടയം – കെ.എം മാണിയുടെ വസതിയിൽ പോയത് കുടുംബബന്ധം കാരണമാണെന്നും താൻ പി.ജെ ജോസഫിനൊപ്പമാണെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആക്ടിംഗ് ചെയർമാൻ പി.സി. തോമസ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണ്. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കണം.
മികച്ച പാർലമെന്റ് അംഗമെന്ന നിലയിൽ പേരെടുത്ത അദ്ദേഹം കോട്ടയം പാർലമെന്റ് മണ്ഡലത്തിനും, കേരളത്തിനും, രാഷ്ട്രത്തിനും, ഏറെ പ്രയോജനകരമായ കാര്യങ്ങൾ ചെയ്യും എന്നുറപ്പുണ്ട്. തോമസ് പറഞ്ഞു.
പാലായിൽ മാണി സാറിന്റെ വീട്ടിൽ താൻ പോയതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ വന്നത് തിരുത്തണം.
തന്റെ പിതാവ് പി.ടി ചാക്കോയുടെ സഹോദരിയാണ് മാണി സാറിന്റെ ഭാര്യ കുട്ടിയമ്മ. സഹധർമ്മിണിക്ക് തീർത്തും സുഖമില്ലാതിരിക്കുന്നതുകൊണ്ട് ഇന്നലെ അമ്മായിയെ സന്ദർശിക്കുവാൻ അവിടെ പോയതാണ്.
ജോസ് കെ മാണിയുടെ മാതാവാണ് എന്നുള്ളതിനാൽ, മറ്റെന്തോ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് പോയത് എന്ന രീതിയിലാണ് ചില വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അത് പൂർണമായും തെറ്റാണ്. ജോസ്. കെ. മാണി അവിടെ ഇല്ലെന്നും, കോട്ടയത്താണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് പോയത്. ഇതിനുമുമ്പും അമ്മായിയെ കാണുവാൻ അവിടെ പോയിട്ടുണ്ട്. പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന താൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനു വേണ്ടി കഴിയുന്നത്ര പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും മറ്റൊരു രാഷ്ട്രീയ ചിന്താഗതിയോ മാറ്റമോ ഇല്ലെന്നും പി.ടി തോമസ് പറഞ്ഞു.