വാഷിങ്ടൻ: യുഎസ് പ്രതിരോധ വകുപ്പിനെ ‘യുദ്ധവകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. തിങ്കളാഴ്ച ഓവൽ ഓഫീസിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങിനൊപ്പം നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് ഈ ആശയം മുന്നോട്ടുവച്ചു.
യുഎസിന്റെ ചരിത്രപരമായ സൈനിക വിജയങ്ങളെ ഓർമിപ്പിച്ചാണ് ഈ നീക്കം. “പ്രതിരോധ വകുപ്പ് എന്ന പേര് എനിക്ക് അത്ര ശക്തമായി തോന്നുന്നില്ല. നമുക്ക് പ്രതിരോധം മാത്രമല്ല, ആക്രമണവും വേണം,” ട്രംപ് പറഞ്ഞു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ യുദ്ധവകുപ്പ് എന്ന പേര് ഉപയോഗിച്ചിരുന്ന കാലത്ത് യുഎസ് വിജയങ്ങൾ നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ‘യുദ്ധ സെക്രട്ടറി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ‘പ്രതിരോധ’ എന്ന പേര് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ ഫലമാണെന്ന് ആരോപിച്ചു.
“എനിക്ക് പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൽപ്പര്യമില്ല. പഴയ യുദ്ധവകുപ്പ് എന്ന പേര് തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഈ മാറ്റം നടപ്പാക്കാനാണ് പദ്ധതി. കോൺഗ്രസിന്റെ അനുമതി ലഭിച്ചില്ലെങ്കിലും ഞങ്ങൾ ഇത് നടപ്പാക്കും- ട്രംപ് വ്യക്തമാക്കി.
1789-ൽ പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ സ്ഥാപിച്ച യുദ്ധ വകുപ്പ് 1947 വരെ യുഎസിന്റെ സൈനിക വകുപ്പായിരുന്നു. 1947-ലെ ദേശീയ സുരക്ഷാ നിയമപ്രകാരം, പ്രസിഡന്റ് ഹാരി ട്രൂമാൻ കരസേന, നാവികസേന, പുതുതായി രൂപീകരിച്ച വ്യോമസേന എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് വകുപ്പിനെ ‘പ്രതിരോധ വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.