കാനഡ– ഗാസയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേർണലിസ്റ്റ് രാജിവെച്ചു. ഏജൻസിയിൽ എട്ട് വർഷമായി സ്ട്രിംഗറായി ജോലി ചെയ്‌തിരുന്ന വലേരി സിങ്കാണ് പ്രതിഷേധമറിയിച്ച് ജോലി അവസാനിപ്പിച്ചത്. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഒരു സ്ഥാപനത്തിൽ തുടർന്ന് പ്രവർത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് വലേരി തന്റെ സ്ട്രിംഗർ സേവനം അവസാനിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഈ തീരുമാനം അറിയിച്ചത്.
“റോയിട്ടേഴ്‌സിന്റെ ഭാഗമായി കഴിഞ്ഞ എട്ട് വർഷം ഞാൻ വിലമതിക്കുന്നു. എന്നാൽ, ഈ പ്രസ് കാർഡ് ധരിക്കുന്നത് ഇപ്പോൾ അഗാധമായ നാണക്കേടും അവമതിപ്പും ഉണ്ടാക്കുന്നു,” വലേരി കുറിച്ചു. “ഫലസ്തീനിലെ എന്റെ സഹപ്രവർത്തകർക്ക് ഞാൻ ഈയൊരു ചുവടുവെപ്പെങ്കിലും നൽകാൻ ബാധ്യസ്ഥയാണ്,” അവർ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 10-ന് ഗാസയിൽ അൽ ജസീറ ടീമിന്റെ അനസ് അൽ ഷെരീഫ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട സംഭവത്തിൽ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിംഗിനെ അവർ ശക്തമായി വിമർശിച്ചു. “അൽ ഷെരീഫ് ഹമാസ് പ്രവർത്തകനാണെന്ന ഇസ്രായേലിന്റെ അടിസ്ഥാനരഹിതമായ ആരോപണം റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ചു. ഇത്തരം നുണകൾ ആവർത്തിച്ച് പ്രചരിപ്പിക്കുന്നതിൽ റോയിട്ടേഴ്‌സ് പോലുള്ള മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്,” അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസം നസർ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു, അതിൽ നാല് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. അൽ ജസീറയുടെ ഫോട്ടോ ജേർണലിസ്റ്റ് മുഹമ്മദ് സലാം, റോയിട്ടേഴ്‌സിന്റെ ഹൊസ്സാം അൽ മസ്രി, അസോസിയേറ്റഡ് പ്രസിന്റെയും ദ ഇൻഡിപെൻഡന്റ് അറബിക്കിന്റെയും പ്രതിനിധി മറിയം അബു ദഖ, എൻബിസി നെറ്റ്‌വർക്കിന്റെ മൊത്തസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. റിപ്പോർട്ടിംഗിനിടെ നടന്ന ബോംബാക്രമണത്തിലാണ് ഇവർ മരിച്ചത്. ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ 245 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.