ലണ്ടൻ– പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ലിവർപൂളിന് ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന വിജയം. ന്യൂകാസ്റ്റിലിന്റെ തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം.
രണ്ട് ഗോളിന് പിന്നിട്ട നിന്ന ആതിഥേയർ പത്തു പേരായി ചുരുങ്ങിയിട്ടും രണ്ടു ഗോളുകൾ തിരിച്ചടിച്ചു മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും അവസാനം നിമിഷം വഴങ്ങിയ ഗോൾ പ്രതീക്ഷകൾ അണച്ചു. ലിവർപൂളിന് വേണ്ടി റ്യാൻ ഗ്രാവൻബെർച്ച്, ഹ്യൂഗോ എകിറ്റികെ, റിയോ എൻഗുമോഹ എന്നിവരാണ് ഗോൾ നേടിയത്. ന്യൂ കാസ്റ്റിലിന് വേണ്ടി ബ്രൂണോ ഗുമൈറസ്, വില്യം ഒസുല എന്നിവരും ഗോൾ നേടി.
മത്സരം തുടങ്ങി ഇരു ടീമുകളും വളരെ സൂക്ഷിച്ചാണ് കളി മെനഞ്ഞത്. 35-ാം മിനിറ്റിലേക്ക് കടന്ന് മത്സരത്തിൽ ഗ്രാവൻബെർച്ച് ഒരു ലോങ്ങ് ഷോട്ടിലൂടെ സന്ദർശകരെ മുന്നിലെത്തിച്ചു. ആദ്യ പകുതി കഴിയുന്നതിന് തൊട്ടുമുമ്പ് ഡിഫൻസ് ചെയ്യാൻ ശ്രമിച്ച ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈകിനെ അപകടരമായ വിധത്തിൽ ഫൗൾ ചെയ്തതിന് ആൻ്റണി മൈക്കൽ ഗോർഡൻ ചുവപ്പു കാർഡ് കണ്ടു മടങ്ങി.
രണ്ടാം പകുതി ആരംഭിച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ എകിറ്റികെ ലിവർപൂളിന്റെ ലീഡ് വർദ്ധിപ്പിച്ചു. ഇതോടെ താരം ലിവർപൂളിനു വേണ്ടി കളിച്ച മൂന്ന് മത്സരത്തിലും ഗോൾ നേടിയിട്ടുണ്ട്. ശേഷം ആക്രമിച്ചു കളിച്ച ന്യൂ കാസ്റ്റിൽ 57-ാം മിനുറ്റിൽ ഗുമൈറസ് ആദ്യ ഗോൾ മടക്കി. മത്സരത്തിന്റെ 90 മിനുറ്റ് തീരാൻ രണ്ടു മിനുറ്റ് മാത്രം ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഡച്ച് താരം ഒസുല ഗോൾ നേടി ചെമ്പടയെ ഞെട്ടിപ്പിച്ചു.
ഇഞ്ചുറി സമയത്തേക്ക് കടന്ന മത്സരത്തിൽ ലിവർപൂളിന്റെ പകരക്കാരനായി ഇറങ്ങിയ 16 വയസ്സ് മാത്രം പ്രായമുള്ള എൻഗുമോഹ ഗോൾ നേടിയതോടെ ന്യൂ കാസ്റ്റിലിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. പിന്നീട് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ഇതോടെ ആറ് പോയിന്റുമായി പട്ടികയിൽ ലിവർപൂൾ മൂന്നാമതെത്തി. ഒരു പോയിന്റ് മാത്രമുള്ള ന്യൂ കാസ്റ്റിൽ പതിനഞ്ചാമതാണ്.