ദുബൈ– കുറച്ചു നാളുകളായി ദുബൈയിൽ കുതിച്ചുയരുന്ന സ്വർണത്തിന്റെ വില കുറയാൻ സാധ്യത. വ്യക്തമായ ചാഞ്ചാട്ടം പ്രതിഫലിക്കുന്നതിനാൽ വിലയിടിയാനുള്ള സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ നിഗമനം. കുറച്ച് മാസങ്ങളായി ദുബായിൽ 24 ക്യാരറ്റ് സ്വർണവില ഗ്രാമിന് 400 ദിർഹത്തിനടുത്തും 22 ക്യാരറ്റിന്റെ വില 375 ദിർഹത്തിനടുത്തും ചാഞ്ചാടുകയാണ്. സ്വർണ്ണത്തോടുള്ള ഭ്രമം അവസാനിക്കാൻ പോകുന്നുവെന്നാണ് എഫ് എക്‌സ് പ്രോയിലെ ചീഫ് മാർക്കറ്റ് അനലിസ്റ്റ് അലക്‌സ് കുപ്റ്റ്സികെവിച്ച് പറയുന്നത്.
വിദഗ്ദരുടെ വിശകലത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി തുടരുന്ന മന്ദഗതിയിലെ വില വ്യതിയാനം വരും ആഴ്ചകളിൽ അവസാനിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇപ്പോൾ ഉണ്ടാകുന്ന വില വർദ്ധനവിനെ വിപണിയിലെ പൊതുപ്രവണതയായാണ് വിലയിരുത്തുന്നത്. യുഎസ് ഫെഡറൽ റിസർവ് പൂർണ്ണമായ മൃദുത്വത്തിലേക്ക് മാറുന്നതും സ്വർണ്ണവിലയുടെ ഇടിവിലേക്കാണ് സൂചന നൽകുന്നത്. അങ്ങനെയെങ്കിൽ വരും ആഴ്ചകളിൽ സ്വർണ്ണവിലയിൽ കാര്യമായ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദർ നിരീക്ഷണം.