അബൂദാബി– യുഎഇയിൽ വൻ ആവേശമായി അത്തച്ചമയ ഘോഷയാത്ര. ‘മ്മടെ തൃശൂർ’ യുഎഇയും, അബൂദാബി മലയാളം സമാജവും, ഇക്യുറ്റി പ്ലസും സംയുക്തമായാണ് ‘ഓണ മാമാങ്കം’ ഘോഷയാത്ര സംഘടിപ്പിച്ചത്. അബൂദാബി മദീന സായിദ് ഷോപ്പിംഗ് സെന്ററിന് സമീപത്ത് താലപ്പൊലികളും മുത്തുക്കുടയുമായി നടന്ന ഘോഷയാത്രയിൽ മലയാളികളടക്കം ആയിരങ്ങളാണ് അണിചേർന്നത്.
കഥകളി, തെയ്യം, തിറ, ശിങ്കാരിമേളം, പുലിക്കളി, ചെണ്ടമേളം, അമ്മൻകുടം തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയെ മനോഹരമാക്കി. ഇതോടനുബന്ധിച്ച് തിരുവാതിര, മോഹിനിയാട്ടം, കോൽക്കളി ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.
മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്‌കുമാർ, ട്രഷറർ യാസിർ അറാഫത്ത്,ജാസിർ സലിം, ദീപേഷ്, രഞ്ജി തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.