ദോഹ– ഫിഫ അറബ് കപ്പ് ലോകകപ്പിന് സമാനമായ ഗംഭീര വിജയമാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അഭിപ്രായപ്പെട്ടു. ഖത്തറിന്റെ ആതിഥ്യം അസാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറിലാണ് ഖത്തർ ഈ ടൂർണമെന്റിന് വേദിയാകുന്നത്.
ടൂർണമെന്റിന് നൂറ് ദിവസം മാത്രം ബാക്കിയിരിക്കെ, ഫിഫ പ്രസിഡന്റ് ഖത്തറിന്റെ സംഘാടനത്തെ വാനോളം പുകഴ്ത്തി. 2022-ലെ ലോകകപ്പ് അതുല്യമായ വിജയമായിരുന്നു, അതുപോലെ തന്നെ അറബ് കപ്പും ഖത്തർ സംഘടിപ്പിക്കുമെന്ന് ഇൻഫന്റിനോ പറഞ്ഞു. ഫിഫ ടൂർണമെന്റുകളുടെ വെല്ലുവിളികൾ ഖത്തർ ഉജ്ജ്വലമായി നേരിടുമെന്ന് അദ്ദേഹത്തിനറിയാമെന്നും പറഞ്ഞു. രാജ്യത്തിന്റെ ആതിഥ്യമര്യാദയും സൗകര്യങ്ങളും അസാധാരണമാണ്. മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ എല്ലാ ടീമുകൾക്കും മികച്ച അവസരങ്ങൾ ഉണ്ടാകുമെന്ന് ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 1-ന് മുതൽ 18 വരെ ഖത്തറിലെ ആറ് സ്റ്റേഡിയങ്ങളിലാണ് അറബ് കപ്പ് നടക്കുന്നത്. രണ്ടാം തവണയാണ് ഖത്തർ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2022-ലെ ലോകകപ്പ് മത്സരങ്ങൾ നടന്ന അതേ സ്റ്റേഡിയങ്ങളിലാണ് അറബ് ലോകത്തിന്റെ ചാമ്പ്യൻഷിപ്പിന് തയ്യാറാവുന്നത്.
നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഖത്തർ, മൊറോക്കോ, ഈജിപ്ത്, അൽജീരിയ, തുനീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, യുഎഇ എന്നീ ടീമുകൾ ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയിട്ടുണ്ട്. ബാക്കി ഏഴ് സ്ഥാനങ്ങൾക്കുള്ള ടീമുകളെ നവംബർ അവസാനം വരെ നടക്കുന്ന പ്ലേ-ഓഫിലൂടെ തിരഞ്ഞെടുക്കും.