റാമല്ല – അധിനിവേഷ വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെ സാന്നിധ്യത്തിൽ ഇസ്രായിലി കുടിയേറ്റക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് നൂറുകണക്കിന് ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു. റാമല്ലക്ക് വടക്കുകിഴക്കുള്ള അൽമുഗയ്യിർ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 70 വർഷം പഴക്കമുള്ള ഒലീവ് മരങ്ങൾ നഷ്ടപ്പെട്ടതായി പ്രാദേശിക കർഷകനായ അബ്ദുല്ലത്തീഫ് മുഹമ്മദ് അബൂആലിയ പറഞ്ഞു. പ്രദേശവാസികളോടൊപ്പം ചേർന്ന് തന്റെ സ്ഥലത്ത് വീണ്ടും ഒലീവ് മരങ്ങൾ നടാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബുൾഡോസറുകൾ നീക്കം ചെയ്ത മണ്ണും നിലത്ത് കിടക്കുന്ന ഒലീവ് മരങ്ങളും ഗ്രാമത്തിന് ചുറ്റുമുള്ള കുന്നുകളിൽ പ്രവർത്തിക്കുന്ന നിരവധി ബുൾഡോസറുകളും സംഭവസ്ഥലത്തെ എ.എഫ്.പി ഫോട്ടോഗ്രാഫർമാർ റിപ്പോർട്ട് ചെയ്തു. ബുൾഡോസറുകളിലൊന്നിൽ ഇസ്രായിൽ പതാകയുണ്ടായിരുന്നു.
കൃഷിയിടങ്ങൾ നശിപ്പിച്ച് ആളുകളെ പാലായനം ചെയ്യാൻ നിർബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രാദേശിക കാർഷിക സംഘടനയുടെ തലവനായ ഗസ്സാൻ അബൂആലിയ പറഞ്ഞു. ഈ പ്രവർത്തി മുഴുവൻ വെസ്റ്റ് ബാങ്കിലേക്കും ഇസ്രായിൽ നടപ്പാക്കുമെന്ന് ഗസ്സാൻ അബൂആലിയ പറഞ്ഞു. വ്യാഴാഴ്ചയാണ് പ്രദേശത്ത് ബുൾഡോസിംഗ് ആരംഭിച്ചതെന്നാണ് വിവരം.
അതേസമയം, റാമല്ലയുടെയും അൽബീര ഗവർണറേറ്റിന്റെയും വടക്കുകിഴക്കായി അൽമുഗയ്യിർ ഗ്രാമത്തിൽ മൂന്ന് ദിവസത്തെ തുടർച്ചയായ ആക്രമണത്തിനിടെ ഇസ്രായിൽ സേന, ഗ്രാമ കൗൺസിൽ തലവൻ അമീൻ അബൂആലിയ ഉൾപ്പെടെ 14 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായവരിൽ രക്തസാക്ഷി ഹംദി അബൂആലിയയുടെ സഹോദരന്മാരും ഉൾപ്പെടുന്നതായി സൊസൈറ്റി കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 16 ന്, ഇതേ ഗ്രാമത്തിൽ 18 വയസ്സുകാരനായ ഹംദി അബൂആലിയ ഇസ്രായിലി സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഭീകരർ കല്ലെറിഞ്ഞതിനെ തുടർന്ന് തങ്ങളുടെ സൈന്യം തിരിച്ചടിക്കുകയായിരുന്നെന്ന് സൈന്യം വ്യക്തമാക്കി. എന്നാൽ സംഭവത്തെ യുവാവിന്റെ മരണവുമായി നേരിട്ട് സൈന്യം ബന്ധപ്പെടുത്തിയിട്ടില്ല.
മരങ്ങൾ പിഴുതെറിഞ്ഞതിനെ കുറിച്ച് എ.എഫ്.പിയുടെ റിപ്പോർട്ടിൽ വിവരം തേടിയിട്ടുണ്ടെന്ന് ഇസ്രായിൽ സൈന്യം പറഞ്ഞു. അൽമുഗയ്യിർ ഗ്രാമത്തിൽ നിന്നുള്ള ഒരാളെ പ്രദേശത്ത് നടന്ന ഭീകാക്രമണത്തിന് ഉത്തരവാദിയായി കണ്ടെത്തി അറസ്റ്റ് ചെയ്തതായും സൈന്യം വെള്ളിയാഴ്ച അറിയിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ഗാസ മുനമ്പിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം അധിനിവേഷ വെസ്റ്റ് ബാങ്കിൽ ആക്രമണം വർധിച്ചിട്ടുണ്ട്. കുറഞ്ഞത് 971 ഫലസ്തീനികളെയെങ്കിലും ഇസ്രായിൽ സൈനികരും ജൂതകുടിയേറ്റക്കാരും കൊലപ്പെടുത്തിയിട്ടുണ്ട്.
ഇതേ കാലയളവിൽ, വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണങ്ങളിലോ സൈനിക നടപടികളിലോ കുറഞ്ഞത് 36 ഇസ്രായിലി സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. 1967 മുതൽ ഇസ്രായിൽ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിൽ ഏകദേശം 30 ലക്ഷം ഫലസ്തീനികൾ വസിക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളിൽ അഞ്ചു ലക്ഷം ഇസ്രായിലി കുടിയേറ്റക്കാർ താമസിക്കുന്നു.