കയ്‌റോ – ഈജിപ്തുകാരനും ആറ് കുട്ടികളും ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയ കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. ദക്ഷിണ ഈജിപ്തിലെ മിനിയ ഗവര്‍ണറേറ്റില്‍ ദേര്‍മവാസ് ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം. അന്വേഷണത്തിൽ കൊലപാതകത്തിനു പിന്നിൽ ഈജിപ്തുകാരന്റെ രണ്ടാം ഭാര്യയാണെന്ന് തെളിഞ്ഞതായി ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. റൊട്ടിയിൽ വിഷം ചേർത്താണ് യുവതി തൻ്റെ ഭര്‍ത്താവിനെയും ഇയാളുടെ ആദ്യ വിവാഹ ബന്ധത്തിലുള്ള മക്കളെയും കൊലപ്പെടുത്തിയത്.
നാലു മാസം മുമ്പ് ആദ്യ ഭാര്യയെ ഭര്‍ത്താവ് തിരിച്ചു വിളിച്ചിരുന്നു. ഇതോടെ തന്നെ ഒഴിവാക്കുമെന്ന് കരുതിയാണ് യുവതി ഇയാളെയും മക്കളെയും കൊല്ലാൻ തീരുമാനിച്ചത്. മെനിഞ്ചൈറ്റിസ് ബാധയെ തുടർന്നാണ് ഇവർ മരിച്ചതെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ ഇവരുടെ രക്തം, മൂത്രം, സെറിബ്രോസ്‌പൈനല്‍ ദ്രാവക സാമ്പിളുകള്‍ എന്നിവ സെന്‍ട്രല്‍ ലബോറട്ടറികളില്‍ പരിശോധിച്ചു. പരിശോധനയിൽ വൈറല്‍, ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം കണ്ടെത്തി. തുടർന്ന് പോസ്റ്റ്മോര്‍ട്ടത്തിലും സാമ്പിളുകളുടെ വിശകലനത്തിലും ഉയര്‍ന്ന വിഷാംശമുള്ള കീടനാശിനി ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി.
ഇതോടെയാണ് സംശയം രണ്ടാനമ്മയിലേക്ക് തിരിഞ്ഞത്. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തതോടെ ഇവര്‍ കുറ്റസമ്മതം നടത്തി. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ആദ്യത്തെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യവും പനിയും പിടിപ്പെട്ടു. രണ്ട് മണിക്കൂറിന് ശേഷം രണ്ടാമത്തെ കുട്ടിക്കും ഓക്കാനം, വിയര്‍പ്പ്, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടു. മിനിറ്റുകള്‍ക്ക് ശേഷം, മൂന്നാമത്തെ കുട്ടിക്കും അതേ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെട്ടെന്ന് മരിച്ചു. തുടര്‍ന്ന് നാലാമത്തെ കുട്ടിക്കും അഞ്ചാമത്തെ കുട്ടിയായ റഹ്മക്കും അതേ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. വൈകാതെ ഈ കുട്ടികളും മരിച്ചു. ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയയായ ആറാമത്തെ പെണ്‍കുട്ടിയും പിന്നീട് മരിച്ചു. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെയും മക്കളെയും കൊലപ്പെടുത്താനായിരുന്നു യുവതി പദ്ധതിയിട്ടത്. എന്നാൽ ഇവർക്ക് നൽകാനായി വിഷം ചേർത്ത് വെച്ച റൊട്ടി താനറിയാതെ ഭർത്താവ് കഴിച്ചതാണെന്നും യുവതി പറഞ്ഞു.