മസ്കത്ത്– ഒമാനിൽ പലതരം ചെമ്മീനുകൾ സുലഭമായി കിട്ടുന്ന സീസൺ വരുന്നു. സെപ്റ്റംബർ 1 മുതൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിക്കുന്നതോടെയാണിത്. മൂന്ന് മാസം ഇത് നീണ്ടുനിൽക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം (MAFWR) വ്യക്തമാക്കി. ചെമ്മീൻ ഒമാന്റെ പ്രധാന സമുദ്രവിഭവങ്ങളിൽ ഒന്നാണെന്നും രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാർ ഏറെയാണെന്നും മന്ത്രാലയം അറിയിച്ചു.
സൗത്ത് ഷർഖിയ, ദോഫാർ, അൽ വുസ്‌ത ഗവർണറേറ്റുകളിൽ ഈ സീസൺ വലിയ പ്രാധാന്യം അർഹിക്കുന്നു. ഈ പ്രദേശങ്ങളിൽ ചെമ്മീൻ മത്സ്യബന്ധനം പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്കും സുപ്രധാന പങ്കുവഹിക്കുന്നു.
ഒമാന്റെ ജലാശയങ്ങളിൽ 12 തരം ചെമ്മീനുകൾ കാണപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത വലകൾ ഉപയോഗിച്ച് പിടിക്കുന്നത് നാല് ഇനങ്ങൾ മാത്രമാണ്. ഇവയിൽ വെളുത്ത ഇന്ത്യൻ ചെമ്മീൻ, വെളുത്ത ചെമ്മീൻ, ടൈഗർ പ്രോൺ, ഡോട്ടഡ് ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു.
മസീറ ദ്വീപ്, മഹൂത്ത്, അൽ വുസ്‌തയുടെ തീരപ്രദേശങ്ങൾ, സൗത്ത് ഷർഖിയയുടെ തീരം എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളാണ് ചെമ്മീനിന്റെ പ്രധാന ആവാസവ്യവസ്ഥകൾ.