മനാമ– ബഹ്‌റൈനിൽ വാണിജ്യ മത്സ്യബന്ധനതൊഴിലാളികൾക്ക് ഇനി മത്സ്യബന്ധനം നടത്താൻ ലൈസൻസ് നിർബന്ധം. ഓഗസ്റ്റ് 28 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. സമുദ്രവിഭവങ്ങളെ സംരക്ഷിക്കുക, ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ബഹ്റൈനിലെ വാണിജ്യ മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്നും സുപ്രീം കൗണ്സിൽ ഫോർ എൻവയോൺമെന്റ് വ്യക്തമാക്കി.
bahrain.bh എന്ന ദേശീയ പോർട്ടൽ വഴി ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾക്ക് ലൈസൻസിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. പുതിയ നിയമപ്രകാരം അപേക്ഷകർ ബഹ്റൈൻ പൗരന്മാരും 18 വയസ്സ് തികഞ്ഞവരും ആയിരിക്കണം. മത്സ്യബന്ധന ജോലി ചെയ്യാൻ വൈദ്യശാസ്ത്രപരമായി യോഗ്യരുമായിരിക്കണം. ലൈസൻസിന്റെ കാലാവധി ഒരു വർഷമാണ്. അതേ വ്യവസ്ഥകളിൽ പുതുക്കാനും കഴിയും.
ലൈസൻസ് കർശനമായും വ്യക്തിപരമാണ്. കൈമാറ്റം ചെയ്യാനോ മറ്റുള്ളവർക്ക് ഉപയോഗിക്കാനോ പറ്റില്ല. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ലൈസൻസിൽ ലിസ്റ്റുചെയ്തിട്ടുള്ളതല്ലാത്ത തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യാനും സാധിക്കില്ല.
ഒരു കപ്പലിൽ അനുവദിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും ക്രൂ അംഗങ്ങളുടെയും എണ്ണം ബോട്ടിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും. 18 നും 21 അടിക്കും ഇടയിലുള്ള ബോട്ടുകൾക്ക് മൂന്ന് ക്രൂ അംഗങ്ങൾ വരേയും വലിയ ‘ബനൂഷ്’ ബോട്ടുകൾക്ക് ഒമ്പത് അംഗങ്ങൾ വരേയുമാണ് അനുവദിക്കുന്നത്. ലൈസൻസുള്ള മത്സ്യത്തൊഴിലാളികളല്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനും നിയന്ത്രണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
കൂടുതൽ അന്വേഷണങ്ങൾക്ക് ഫിഷറീസ് റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റുമായി 17987444 എന്ന നമ്പർ വഴിയോ ഇമെയിൽ വഴിയോ ബന്ധപ്പെടാമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു.