ന്യൂഡല്‍ഹി: ഏഷ്യാ കപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് ഡ്രീം 11 പിന്മാറിയതിനാല്‍, പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബി.സി.സി.ഐ തിരക്കിട്ട ശ്രമത്തിലാണ്.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഒരു ഫിന്‌ടെക് സ്റ്റാര്‍ട്ടപ്പ് എന്നിവ സ്‌പോണ്‍സര്‍ഷിപ്പിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക ടെന്‍ഡര്‍ പ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ല. 2023-ല്‍ ഡ്രീം 11-മായുണ്ടാക്കിയ 358 കോടി രൂപയുടെ കരാറിനേക്കാള്‍ ലാഭകരമായ കരാര്‍ ബി.സി.സി.ഐ. പ്രതീക്ഷിക്കുന്നു.
പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസായതിനെ തുടര്‍ന്നാണ് ഡ്രീം 11 പിന്മാറിയത്.
സെപ്റ്റംബര്‍ 9-ന് യു.എ.ഇ.യില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് പുതിയ സ്‌പോണ്‍സറെ കണ്ടെത്തിയില്ലെങ്കില്‍, ഇന്ത്യന്‍ ടീം ടൈറ്റില്‍ സ്‌പോണ്‍സര്‍ ലോഗോ ഇല്ലാതെ കളിക്കേണ്ടിവരും. ഡ്രീം11 ലോഗോയുള്ള ജേഴ്‌സികള്‍ ഇതിനോടകം തയ്യാറാണെങ്കിലും ഇനി അവ ഉപയോഗിക്കില്ല.