കോഴിക്കോട്: കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി ഘടകക്ഷിയായ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി രംഗത്ത്. ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുലിനെ ഉടൻ പുറത്താക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. “സി.പി.എം. ചെയ്തതുപോലെ കൃത്യത്തിന്റെ തീവ്രത അളക്കാതെ രാഹുലിനെ ഇന്നുതന്നെ പുറത്താക്കണം,” എന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ഇടത് നേതാക്കളും എം.എൽ.എ.മാരും രാജിവെക്കണമെന്നും മുഹമ്മദ് ഷാ ആവശ്യപ്പെട്ടു.
“ഈ വൈകൃതം ഒരു മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികൾ ജനങ്ങളെ പ്രതിനിധീകരിക്കാൻ യോഗ്യരല്ല. അവർ മാറിനിൽക്കണം,” എന്ന് മുഹമ്മദ് ഷാ ഫേസ്ബുക്കിൽ കുറിച്ചു.
മുഹമ്മദ് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
രാഹുല്‍ മാങ്കുട്ടത്തിനെതിരെ നിലവില്‍ വരുന്ന വെളിപ്പെടുത്തലുകളുടെയും ഇലക്ട്രോണിക്ക് രേഖകളുടെയും അടിസ്ഥാനത്തില്‍, സിപിഎം ചെയ്തത് പോലെ ചെയ്ത കൃത്യത്തിന്റെ തീവ്രതയൊന്നും അളക്കാന്‍ ശ്രമിക്കാതെ അയാളെ നിയമസഭാംഗത്വത്തില്‍ നിന്ന് പറ്റുമെങ്കില്‍ ഇന്ന് തന്നെ പുറത്താക്കുമെന്ന് കരുതുന്നു.
അത് പോലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന എം മുകേഷ് എംഎല്‍എ രാജിവെക്കണ്ട ആവശ്യമില്ല എന്ന സി പി എം പാര്‍ട്ടി തീരുമാനം ഇന്ന് തന്നെ പിന്‍വലിച്ച് നാളെ തന്നെ മുകേഷിനെ നിയമസഭാംഗത്വം രാജിവെപ്പിച്ചേക്കും എന്നും കരുതുന്നു.
അത് പോലെ സ്വന്തം ഭാര്യക്കെതിരെ പോലും ആഭാസത്തരം കാണിക്കുകയും ചെയ്ത് ഇന്ന് മന്ത്രിസഭയില്‍ തുടരുന്ന മന്ത്രിയും, ലജ്ജ തോന്നുന്ന തരത്തില്‍ ലൈംഗിക പീഡനം നടത്തിയ മന്ത്രിയും, മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിലരും പുറത്താക്കപ്പെടും എന്ന് കരുതുന്നു.
ഇന്നലെ ഡി വൈ എഫ് ഐ നേതാവ് വി കെ സനോജ് 24 ചാനലിലിരുന്ന് ഒരു വനിതാ അഭിഭാഷകയെ ‘അവള്‍ ഇവള്‍’ എന്നൊക്കെ വിളിക്കുകയും, ആ സ്ത്രീയെ ശക്തമായി അധിക്ഷേപിക്കുകയും മാനം ഭയന്ന് അവര്‍ ചര്‍ച്ചയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.
ഇവരൊക്കെ കാണിക്കുന്നത് മാനസിക വൈകൃതമാണ്. സനോജുള്‍പെടെ ഒരുത്തനും പദവികളിലിരിക്കാന്‍ യോഗ്യനല്ല. ഇവര്‍ക്കെല്ലാമെതിരെ ഇരകള്‍ പോലീസിനെ സമീപിച്ച് കേസെടുത്ത് അന്വേഷിപ്പിച്ച് കുറ്റപത്രം സമര്‍പിച്ച് വിചാരണ നടത്തി ശിക്ഷിക്കണം.
ഏതായാലും ഇന്ന് രാഹുല്‍ മാങ്കൂട്ടവും, നാളെ എം മുകേഷും, മറ്റന്നാള്‍ ശശീന്ദ്രനും, ഗണേഷ് കുമാറും, പി ശശിയും ഒക്കെ രാജിവെക്കുമെന്ന് കരുതാം. പൊതുമധ്യത്തില്‍ ഒരു വനിതയെ അധിക്ഷേപിച്ചതിന് സി പി എം, സനോജിനെതിരെ നടപടിയെടുക്കും എന്നും കരുതാം.
ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ അതിനായി വലിയ പ്രക്ഷോഭങ്ങള്‍ നടക്കട്ടെ. മാധ്യമങ്ങളൊക്കെ മറ്റെല്ലാ വാര്‍ത്തകളും മാറ്റി വെച്ച് ഇവരെല്ലാം രാജിവെക്കുന്നത് വരെ ചര്‍ച്ച തുടരട്ടെ.
ഈ വൈകൃതം ഒരു മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികള്‍ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല. അവര്‍ മാറി നില്‍കട്ടെ.