രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബിഹാറിനെ ഇളക്കിമറിച്ച് മുന്നോട്ടു നീങ്ങുകയാണ്. സമീപകാലത്തൊന്നും ഇന്ത്യ കാണാത്ത അത്രയും ആവേശത്തിലാണ് രാജ്യത്തെ പ്രതിപക്ഷ മുന്നണികൾ. ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടു കൊള്ള നടത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തുടർന്ന് രാജ്യം ഇളകിമറിയുന്ന തരത്തിലൊരു പോരാട്ടം തുടങ്ങിയിരിക്കുന്നു. അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന്റെ തെരുവോരങ്ങളിലൂടെ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടം ജനത്തെ ഇളകിമറിക്കുകയാണ്. ഗിയർ മാറ്റി, ചെറുപ്പക്കാർ ഉണർന്നു. ഇനി കള്ളന്മാർക്ക് വോട്ട് ചെയ്യില്ല, ഓരോ വോട്ടും വിലപ്പെട്ടതായിരിക്കും എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി ഇന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലുണ്ട് ബിഹാർ കാണിക്കുന്ന ആവേശം.
ബുള്ളറ്റിലേറി പാർട്ടി-മുന്നണി പ്രവർത്തകർക്കിടയിലൂടെ വർധിത ആവേശത്തോടെയാണ് രാഹുൽ കുതിക്കുന്നത്. ഇന്ത്യ മാറുന്നുവെന്നതിന്റെ സൂചന ബിഹാറിൽനിന്ന് തുടങ്ങിക്കഴിഞ്ഞുവെന്ന നിരീക്ഷണം പങ്കുവെക്കുന്ന നിരവധി വിശകലന വിദഗ്ധരുണ്ട്. രാഹുലിന്റെ പോരാട്ടം ബിഹാറിൽ വിജയിച്ചാൽ അത് മോഡി സർക്കാരിന്റെ പതനത്തിലേക്ക് തന്നെ കാര്യങ്ങൾ എത്തിച്ചേക്കുമെന്ന നിരീക്ഷണങ്ങളുമുണ്ട്.
2025 ഓഗസ്റ്റ് 17-ന് ബിഹാറിലെ സസ്‌റാമിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വോട്ടർ അധികാർ യാത്ര ആരംഭിച്ചത്. 16 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്ര, 1300 കിലോമീറ്ററിലധികം സഞ്ചരിച്ച് 25 ജില്ലകളിലൂടെ കടന്നുപോകും. ഒരാൾ, ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി ജനാധിപത്യ തത്വത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായി ഇത് അവതരിപ്പിക്കപ്പെടുന്നു. വോട്ട് ചോരി (വോട്ട് മോഷണം) എന്ന ആരോപണം ഉന്നയിച്ചാണ് യാത്ര. വോട്ട് ചോരിയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും സാധിച്ചിട്ടില്ല.
വോട്ട് ചോരി: ആരോപണങ്ങളുടെ പശ്ചാത്തലം
രാഹുൽ ഗാന്ധിയും കോൺഗ്രസും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബിഹാറിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രക്രിയയെ വോട്ട് ചോരി എന്ന് വിശേഷിപ്പിച്ച് ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടായെന്നും, ബിഹാറിലെ SIR-ന്റെ ഭാഗമായി 65 ലക്ഷത്തിലധികം വോട്ടർമാരുടെ പേര് നീക്കം ചെയ്തത് ദലിതുകൾ, പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ഒരു ഗൂഢാലോചനയാണെന്നും രാഹുൽ ആരോപിക്കുന്നു. കർണാടകയിലെ മഹാദേവപുരയിൽ 1 ലക്ഷത്തിലധികം വോട്ടുകളുടെ കൃത്രിമം കാണിച്ചാണ് ബി.ജെ.പി ജയിച്ചത് എന്ന ആരോപണവും രാഹുൽ ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞെങ്കിലും സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെട്ടു. SIR പ്രക്രിയ പൂർണമായും സുതാര്യമാണെന്നും, 22 ലക്ഷം മരിച്ച വോട്ടർമാർ, 7 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 36 ലക്ഷം കുടിയേറ്റ വോട്ടർമാർ എന്നിവരുടെ പേര് നീക്കം ചെയ്തതായും ECI വ്യക്തമാക്കി. എന്നാൽ, ഓഗസ്റ്റ് 14-ന് സുപ്രീം കോടതി, 65 ലക്ഷം വോട്ടർമാരുടെ പേര് നീക്കം ചെയ്തതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ ECI-യോട് നിർദേശിച്ചതോടെ, ഈ വിഷയം കൂടുതൽ ശക്തി പ്രാപിച്ചു.
വോട്ടർ അധികാർ യാത്ര: ലക്ഷ്യങ്ങളും രാഷ്ട്രീയ പ്രാധാന്യവും
വോട്ടർ അധികാർ യാത്ര ഒരു രാഷ്ട്രീയ പ്രചാരണത്തിനപ്പുറം, ഒരാൾ, ഒരു വോട്ട് എന്ന ജനാധിപത്യ തത്വത്തിന്റെ സംരക്ഷണത്തിനായുള്ള ഒരു ജനകീയ പ്രസ്ഥാനമായാണ് രാഹുൽ ഗാന്ധി അവതരിപ്പിക്കുന്നത്. ഈ യാത്രയിൽ കോൺഗ്രസിനൊപ്പം ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, സി.പി.ഐ, സി.പി.എം, സി.പി.ഐ(എം.എൽ) തുടങ്ങിയ ഇന്ത്യ ബ്ലോക്കിലെ മറ്റ് പാർട്ടികളും പങ്കെടുക്കുന്നു.
ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് 2025-ന്റെ അവസാനത്തോടെ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വോട്ട് ചോരി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുള്ള യാത്ര, ഇന്ത്യ ബ്ലോക്കിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണ്. ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും ഒരുമിച്ച് മഹാഗഡ്ബന്ധൻ എന്ന സഖ്യമായാണ് മത്സരിക്കുന്നത്. ഈ യാത്രയിലൂടെ, ആർ.ജെ.ഡിയുടെ ശക്തമായ പ്രാദേശിക സ്വാധീനവും രാഹുൽ ഗാന്ധിയുടെ ദേശീയ പ്രാധാന്യവും സംയോജിപ്പിച്ച് വോട്ടർമാരെ ആകർഷിക്കാനാണ് ശ്രമം.
ഇളകിമിറഞ്ഞ് ജനം
യാത്രയുടെ ആദ്യ ദിനങ്ങളിൽ തന്നെ ജനം ഈ യാത്രയെ ഏറ്റെടുത്തിരുന്നു. സസ്‌റാം, നവാദ, നളന്ദ തുടങ്ങിയ ജില്ലകളിൽ വൻ ജനക്കൂട്ടം രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. യുവാക്കൾക്കിടയിലും ആദ്യമായി വോട്ട് ചെയ്യുന്നവർക്കിടയിലും രാഹുൽ ഗാന്ധിയുടെ സ്വീകാര്യത വർദ്ധിച്ചുവരുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന് ദുർബലമായ സംഘടനാഘടനയുള്ള ബിഹാറിൽ പാർട്ടിക്ക് പുതിയ ഊർജ്ജം പകരുന്നതാണ് രാഹുലിന്റെ യാത്ര. യാത്രയുടെ ജനപ്രീതി കോൺഗ്രസിനേക്കാൾ ആർ.ജെ.ഡിക്ക് കൂടുതൽ പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആർ.ജെ.ഡിയുടെ ശക്തമായ പ്രാദേശിക സംഘടനാശൃംഖലയും ലാലു പ്രസാദ് യാദവിന്റെ നേതൃത്വവും ബിഹാറിൽ അവർക്ക് മേൽക്കൈ നൽകുന്നു. അതേസമയം, കോൺഗ്രസിന്റെ ദേശീയ പ്രതിച്ഛായയെ ഈ യാത്ര ശക്തിപ്പെടുത്താൻ സഹായിക്കും.
ബിജെപിക്ക് വെല്ലുവിളി:
വോട്ട് ചോരി ആരോപണങ്ങൾ ബിജെപിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് മാറ്റാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ ബിജെപിയുടെ ഏജന്റ് എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ വിമർശനം, ബിജെപിയുടെ ഭരണത്തിനെതിരായ ജനവികാരം ആളിക്കത്തിക്കാൻ ഇടയാക്കുകയും ചെയ്തു.
ബിജെപി അനുകൂല ഭരണത്തിന് ഭീഷണി?
ബിജെപി-നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭരണം ബിഹാറിലും ദേശീയ തലത്തിലും ശക്തമാണ്. എന്നാൽ, വോട്ടർ അധികാർ യാത്ര ഉയർത്തുന്ന ആരോപണങ്ങൾക്ക് ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ ബി.ജെ.പി സഖ്യത്തിന് ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. ഇത് എൻ.ഡി.എയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചിട്ടുണ്ട്. ബിഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) ഉൾപ്പെടെയുള്ള എൻ.ഡി.എ സഖ്യത്തിനെതിരെ, മഹാഗഠ്ബന്ധൻ ശക്തമായ വെല്ലുവിളി ഉയർത്തി കഴിഞ്ഞു.
ദേശീയ തലത്തിൽ, ഈ യാത്ര ബിജെപിയുടെ ഭരണത്തിന് നേരിട്ടുള്ള ഭീഷണിയല്ലെങ്കിലും, വോട്ട് ചോരി ആരോപണങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ ബിജെപിക്ക് രാഷ്ട്രീയ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം എന്നാണ് വിലയിരുത്തൽ.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാർ തെരഞ്ഞെടുപ്പിന് കാര്യമായി സ്വാധീനിക്കും. ആർ.ജെ.ഡിയുടെ പ്രാദേശിക ശക്തിയും കോൺഗ്രസിന്റെ ദേശീയ പ്രതിച്ഛായയും സമന്വയിക്കുന്ന യാത്ര, NDA-യ്ക്ക് വെല്ലുവിളി ഉയർത്തുന്നു.
യുവതയുടെ ആവേശമായി രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിക്ക് ഇതേവരെ ലഭിക്കാത്ത പിന്തുണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവാക്കളിൽനിന്ന് ലഭിക്കുന്നത്. രാഹുൽ സഞ്ചരിക്കുന്ന വഴികളിലെല്ലാം പതിനായിരങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു. ഈ ആവേശം ബിഹാർ തെരഞ്ഞെടുപ്പിലും തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.