കൊച്ചി– ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നയിക്കുന്ന അർജന്റീന ടീം 2025 നവംബറിൽ കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എ.എഫ്.എ-ഇന്ത്യ പ്രമോ വീഡിയോ പങ്കുവെച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി വി അബ്ദുറഹിമാൻ, റിപ്പോർട്ടർ ടിവി എന്നിവർക്ക് നന്ദി അറിയിച്ചു. ഈ വീഡിയോ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായാണ് അർജന്റീന ടീം നവംബർ 10നും 18നും ഇടയിൽ കേരളത്തിലെത്തുന്നത്. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ, ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കുമെന്ന് എഎഫ്എ അറിയിച്ചു. ഒരു വർഷം മുമ്പ് മാഡ്രിഡിൽ കേരളാ സർക്കാരുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദർശനം. “കായിക മേഖലയുടെ ആഗോള വിപുലീകരണത്തിന് എഎഫ്എ പുതിയ അധ്യായം തുടങ്ങുകയാണ്,” എന്ന് എഎഫ്എ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഫുട്ബോൾ ലോക ചാമ്പ്യന്മാരെ കേരളത്തിലെത്തിക്കുന്നത്.
അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനും റിപ്പോർട്ടർ ടിവിക്കും നേരെ ഉയർന്നിരുന്ന സംശയങ്ങൾക്ക് എഎഫ്എയുടെ പ്രഖ്യാപനം വിരാമമിട്ടു. മെസി-സംഘം കേരളത്തിലെത്തില്ലെന്ന പ്രചാരണം ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തിയിരുന്നെങ്കിലും, ഈ ഔദ്യോഗിക അറിയിപ്പ് അവരുടെ ആവേശം വർധിപ്പിക്കുന്നു. കേരളത്തിൽ ഫുട്ബോൾ ആരാധകർ ഏറെനാളായി കാത്തിരുന്ന ഈ ഉത്സവത്തിന് ഇനി തുടക്കമാവുകയാണ്.