റിയാദ്- ജോലിയില്‍ തുടരാന്‍ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശിനി സന്ധ്യക്ക് തുണയായി കേളി കുടുംബവേദിയുടെ ഇടപെടല്‍. ആറുമാസം മുമ്പാണ് നേഴ്സിംഗ് അസിസ്റ്റന്റ് ജോലിക്കായി ഒരു മാന്‍പവര്‍ കമ്പനിയുടെ വിസയില്‍ സന്ധ്യ റിയാദിലെത്തിയത്. ആദ്യ മൂന്ന് മാസം തായിഫിലും തുടര്‍ന്നുള്ള മൂന്നുമാസം റിയാദിലും ജോലിക്കായി നിയോഗിച്ചു.
എന്നാല്‍ സൗദി അറേബ്യയിലെ കാലാവസ്ഥയുടെ ഭാഗമായുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണം കൃത്യമായി ജോലിക്കു ഹാജരാകാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ച്ചയായ അവധികള്‍ കാരണം ശമ്പളം ലഭ്യമല്ലാത്തതിനാല്‍ ശരിയായ ചികിത്സ തേടുന്നതിനോ, ഭക്ഷണമോ മരുന്നോ പോലും കിട്ടാത്ത അവസ്ഥയിലായി. തിരികെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനെ കുറിച്ച് കമ്പനിയുമായി സംസാരിച്ചെങ്കിലും എഗ്രിമെന്റ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് നാട്ടില്‍ പോകാന്‍ വിസക്ക് കമ്പനി ചിലവഴിച്ച തുക നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ മുഖേനയാണ് കേളി കുടുംബവേദിയുമായി ബന്ധപ്പെടുന്നത്.
കുടുംബവേദി പ്രവര്‍ത്തകര്‍ പ്രാഥമിക നടപടിയായി ഭക്ഷണവും അടിയന്തര ചികിത്സാ സൗകര്യവും ഉറപ്പുവരുത്തിയത്തിനു ശേഷം, വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയിലെത്തിക്കുകയും കമ്പനിയുമായി എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് എടുത്ത് വന്നാല്‍ എക്സിറ്റ് നല്‍കാമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള ടിക്കറ്റ് കുടുംബവേദി നല്കി.
കേളി കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗീത ജയരാജ്, ജയരാജ്, സജീന, സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ ചേര്‍ന്ന് സന്ധ്യക്കുളള ടിക്കറ്റും കമ്പനിയില്‍ നിന്നുള്ള യാത്രാ രേഖകളും കൈമാറി. ആപത്ഘട്ടത്തില്‍ കൈത്താങ്ങായ കേളി കുടുംബ വേദിയ്ക്ക് നന്ദി പറഞ്ഞ് സന്ധ്യ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.