മക്ക – ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,52,22,497 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 24 ശതമാനം പേര്‍ സൗദി പൗരന്മാരാണ്. ഉംറ തീര്‍ഥാടകരില്‍ 60.5 ശതമാനം പേര്‍ പുരുഷന്മാരും 39.5 ശതമാനം പേര്‍ വനിതകളുമാണ്.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശങ്ങളില്‍ നിന്ന് 65,23,630 ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി ഉംറ കര്‍മം നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 10.7 ശതമാനം തോതില്‍ വര്‍ധിച്ചു. വിദേശ തീര്‍ഥാടകരില്‍ 82.2 ശതമാനവും വിമാന മാര്‍ഗമാണ് സൗദിയിലെത്തിയത്. മൂന്നു മാസത്തിനിടെ 86,98,867 ആഭ്യന്തര തീര്‍ഥാടകരും ഉംറ കര്‍മം നിര്‍വഹിച്ചു. ഇതില്‍ 58 ശതമാനവും വിദേശികളാണ്. ആഭ്യന്തര തീര്‍ഥാടകരില്‍ 37,93,455 പേര്‍ മക്ക പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു.
ഏറ്റവും കൂടുതല്‍ വിദേശ തീര്‍ഥാടകര്‍ എത്തിയത് ജനുവരിയിലാണ്. ആകെ വിദേശ തീര്‍ഥാടകരില്‍ 36 ശതമാനവും ജനുവരിയിലാണ് എത്തിയത്. വിദേശ തീര്‍ഥാടകര്‍ ഏറ്റവും കുറവ് മാര്‍ച്ചിലായിരുന്നു.
ആഭ്യന്തര തീര്‍ഥാടകരില്‍ 80.9 ശതമാനവും ഉംറ നിര്‍വഹിച്ചത് മാര്‍ച്ചിലാണ്. ആഭ്യന്തര തീര്‍ഥാടകര്‍ ഏറ്റവും കുറവ് ജനുവരിയിലായിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 64,52,696 പേര്‍ മദീന സിയാറത്ത് നടത്തി. ഇക്കൂട്ടത്തില്‍ 44,12,689 പേരും വിദേശങ്ങളില്‍ നിന്ന് എത്തിയവരായിരുന്നെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.