റിയോ ഡി ജനീറോ– ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിന് ഇനി പുതിയ അവകാശി. ബ്രസീലിയൻ ഗോൾകീപ്പർ ഫാബിയോ ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച പുരുഷ താരമെന്ന റെക്കോർഡ് സ്വന്തമാക്കി.
മാരക്കാനയിൽ അരങ്ങേറിയ മത്സരത്തിൽ അമേരിക്ക ഡി കാലിയെ 2-0ന് ഫ്ലുമിനെൻസ് തോൽപ്പിച്ച്, 44-കാരനായ ഫാബിയോ തന്റെ 1,391-ാമത്തെ മത്സരം കളിച്ചു. ഇതിഹാസ താരം പീറ്റർ ഷിൽട്ടന്റെ 1,390 മത്സരങ്ങളുടെ റെക്കോർഡാണ് ഫാബിയോ മറികടന്നിരിക്കുന്നത്.
ഫിഫയും കോൺമെബോളും ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ഫ്ലുമിനെൻസ് ക്ലബും ബ്രസീലിയൻ മാധ്യമങ്ങളും ഫാബിയോയുടെ അഭൂതപൂർവ നേട്ടം ആഘോഷിക്കുന്നു. 1997-ൽ ഷിൽട്ടൺ വിരമിച്ച വർഷം കരിയർ ആരംഭിച്ച ഫാബിയോ, പരിക്കുകൾ പല താരങ്ങളുടെയും കരിയർ അവസാനിപ്പിക്കുന്ന കാലത്ത് തന്റെ കായികക്ഷമതയും പ്രൊഫഷണലിസവും കൊണ്ട് ശ്രദ്ധേയനായി.
ക്രൂസെയ്റോയ്ക്കായി 976 മത്സരങ്ങൽ, വാസ്കോ ഡ ഗാമയ്ക്കായി 150, യൂണിയോ ബാൻഡൈറന്റ്സിനായി 30, ഫ്ലുമിനെൻസിനായി 235 മത്സരങ്ങൾ ഫാബിയോ കളിച്ചു. 2023-ലെ കോപ്പ ലിബർട്ടഡോറസ്, 2025 ക്ലബ് ലോകകപ്പ് സെമിഫൈനൽ തുടങ്ങിയ നേട്ടങ്ങൾ അദ്ദേഹത്തിന്റെ കരിയറിനെ മിന്നുന്നതാക്കുന്നു.