ഗാസ: ഫലസ്തീൻ ദേശീയ ബാസ്‌കറ്റ്ബോൾ ടീമിലെ മുൻ താരവും ഗാസയിലെ പ്രമുഖ ബാസ്‌കറ്റ്ബോൾ താരങ്ങളിലൊരാളുമായ മുഹമ്മദ് ശഅലാൻ (40) ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മക്കൾക്കായി ഭക്ഷണം ശേഖരിക്കാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് വിതരണ കേന്ദ്രത്തിലേക്ക് പോകവേ ഇസ്രായേൽ സൈന്യം വെടിവെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു.
വൃക്ക തകരാറും രക്തത്തിൽ വിഷബാധയും ബാധിച്ച മകൾ മറിയമിന് ഭക്ഷണവും മരുന്നും ലഭ്യമാക്കാൻ ശഅലാൻ നിരന്തരം ശ്രമിച്ചിരുന്നു. മകളെ രക്ഷിക്കാൻ വിവിധ ഏജൻസികളോട് അദ്ദേഹം ആവർത്തിച്ച് അപേക്ഷിച്ചിരുന്നതായും ഫലസ്തീൻ വാർത്താ ഏജൻസിയായ വഫാ റിപ്പോർട്ട് ചെയ്തു. അൽബുറൈജ് സർവീസസ്, അൽമഗാസി സർവീസസ്, ഖാൻ യൂനിസ് സർവീസസ്, അൽശാതി സർവീസസ്, ഗാസ സ്‌പോർട്സ്, വൈ.എം.സി.എ., ജബാലിയ സർവീസസ് തുടങ്ങിയ പ്രാദേശിക ക്ലബ്ബുകൾക്കും ഫലസ്തീൻ ദേശീയ ബാസ്‌കറ്റ്ബോൾ ടീമിനും വേണ്ടി ശഅലാൻ കളിച്ചിട്ടുണ്ട്.
2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 670-ലധികം ഫലസ്തീൻ കായിക താരങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 288 കായിക സൗകര്യങ്ങൾ ഇസ്രായേൽ സൈന്യം നശിപ്പിച്ചതായും വിവരമുണ്ട്.