ന്യൂഡൽഹി – 30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർണായക ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം. പ്രതിഷേധത്തെ തുടർന്ന് ലോക്സഭ മൂന്ന് മണിവരെ നിർത്തിവെച്ചു. ബില്ല് അവതരണത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്. പ്രതിഷേധം രൂക്ഷമായതോടെ ബില്ല് തൃണമൂൽ കോൺഗ്രസ് കീറിയെറിഞ്ഞു. ബില്ല് അവതരണത്തിനിടെ കയ്യാങ്കളി വരെയെത്തിയതിനെ തുടർന്നാണ് ലോക്സഭ നിർത്തിവെച്ചത്.
ഭേദഗതി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കേസിൽ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും. ഫെഡറൽ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. ബില്ല് അംഗങ്ങൾക്ക് നേരത്തെ നൽകിയില്ലെന്ന് എംപി പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ലക്ഷ്യം വച്ചും നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ഉന്നംവെച്ചുമുള്ള ബില്ലാണിതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.