റിയാദ്- കേളി കലാസാംസ്‌കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ജനകീയ ഇഫ്താര്‍ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അല്‍ ജസീറ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. കേളി കഴിഞ്ഞ 19 വര്‍ഷത്തോളമായി തുടര്‍ച്ചയായി നടത്തിവരുന്ന ഇഫ്താര്‍ വിരുന്നില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്.
ഒരിടവേളയ്ക്ക് ശേഷമാണ് കേളിയുടെ കേന്ദ്ര നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് നടക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തോളമായി, കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായും, കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇഫ്താര്‍ വിരുന്നുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും കേളിയുടെ 12 ഏരിയകള്‍ കേന്ദ്രീകരിച്ചും വിവിധ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് ഇഫ്താര്‍ നടത്തി വരാറുള്ളത്. കൊറോണ മഹാമാരി സമയത്ത് ഇഫ്താര്‍ കിറ്റുകള്‍ അര്‍ഹതപെട്ട പ്രവാസികള്‍ക്ക് എത്തിച്ചു നല്‍കിയാണ് കേളി ഇഫ്താറില്‍ പങ്കാളികളായത്.
റിയാദിലെ വാണിജ്യ, വ്യാപാര, സ്ഥാപനങ്ങളുടെ പ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും, വിവിധ സംഘടനാ പ്രതിനിധികളും, കുടുംബങ്ങള്‍ക്കും പുറമെ, ഫാക്ടറി തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, വിവിധ രാജ്യക്കാരുമടങ്ങുന്ന 3500ഓളം പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കാളികളായി. കേളി കുടുംബ വേദിയുടെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചു.
ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, ഗീവര്‍ഗീസ്സ് ഇടിച്ചാണ്ടി, രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട്, എന്നിവരുടെ നേതൃത്വത്തില്‍ കേളി, കേളി കുടുംബ വേദി കേന്ദ്രകമ്മറ്റി അംഗങ്ങളും ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളും അടങ്ങുന്ന 151 അംഗ സംഘാടക സമിതി ഇഫ്താര്‍ വിരുന്ന് നിയന്ത്രിച്ചു.
കേളി ദിനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജിഎസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയേഴ്‌സ് 2024’ ഈ മാസം 19ന് മലസ് ലുലു ഹൈപ്പര്‍ അരീനായില്‍ അരങ്ങേറുമെന്നും ഹജ്ജിന് മുമ്പായി മെഗാ രക്തദാന ക്യാമ്പ് നടത്തുമെന്നും കേളി നേതൃത്വം അറിയിച്ചു.