ന്യൂഡൽഹി– മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് സമൻസ് അയച്ചു. ഗുവാഹത്തിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ആഗസ്റ്റ് 22-ന് ഹാജരാകണമെന്നാണ് നിർദേശം. ഹാജരാകാത്തപക്ഷം അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
‘ദി വയർ’ വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഗുവാഹത്തി ക്രൈം ബ്രാഞ്ച് പൊലീസ് ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകൾ 35(3), 152, 196, 197 എന്നിവ ചേർത്ത് വരദരാജനും ഥാപ്പറിനും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ, എഫ്.ഐ.ആറിന്റെ പകർപ്പിൽ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെന്ന് ‘ദി വയർ’ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ വ്യക്തമാക്കി. ഈ മാസം 14-ന് ‘ദി വയർ’ ഓഫിസിൽ ആദ്യ സമൻസ് ലഭിച്ചു, തുടർന്ന് 18-ന് കരൺ ഥാപ്പറിന്റെ പേര് ചേർത്ത് മറ്റൊരു സമൻസും ലഭിച്ചു.
‘ദി വയറി’ൽ ജൂൺ 28-ന് പ്രസിദ്ധീകരിച്ച ‘രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാകിസ്താനിൽ നഷ്ടമായി: ഇന്ത്യൻ പ്രതിരോധ അറ്റാഷെ’ എന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകന്റെ പരാതിയിൽ ജൂലൈ 11-ന് മൊറിഗോൺ പൊലീസ് സ്റ്റേഷനിൽ വരദരാജനെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിൽ, പുതിയ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ‘ദി വയർ’ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതിനെ തുടർന്ന് സിദ്ധാർഥ് വരദരാജനടക്കമുള്ള മാധ്യമപ്രവർത്തകർക്ക് അസം പൊലീസിന്റെ നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അസം പൊലീസിന് നോട്ടീസ് അയച്ചു.
‘ദി വയറി’ന്റെ അഭിഭാഷക നിത്യ രാമകൃഷ്ണൻ സുപ്രീം കോടതിയെ അറിയിച്ചതനുസരിച്ച്, മൊറിഗോൺ കേസിലെ എഫ്.ഐ.ആർ രഹസ്യമായി സൂക്ഷിച്ചിരുന്നു. മറ്റ് ഉറവിടങ്ങൾ വഴി മാത്രമാണ് എഫ്.ഐ.ആറിന്റെ തീയതിയും ക്രിമിനൽ വകുപ്പുകളും അറിയാൻ കഴിഞ്ഞത്.
ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഭാരതീയ ന്യായ് സംഹിതയിലെ 152-ാം വകുപ്പ്, 2022-ൽ സുപ്രീം കോടതി സ്റ്റേ ചെയ്ത മുൻ രാജ്യദ്രോഹ നിയമത്തിന്റെ (ഐപിസി 124 എ) പുനർനാമകരണം ചെയ്ത പതിപ്പാണ്. ഈ വകുപ്പിന്റെ ഭരണഘടനാ സാധുതയെ ‘ദി വയർ’ നേരത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് അസം പൊലീസിന് നോട്ടീസ് അയച്ചത്.