കോട്ടയം -‘ ദി കേരളാ സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച നടപടിയില്‍ ഇടുക്കി രൂപതയെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ. കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏത് സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കറിയാമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. തൃശൂര്‍ എടുക്കുക കെ. മുരളീധരന് ആയിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണ്. ഓരോ ആളുകള്‍ക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പരിഹസിച്ചു. തൃശൂരില്‍ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരന് ജയിക്കാന്‍ പോവുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ അതില്‍ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയിലേക്ക് എത്തുമെന്ന് പ്രചാരണം ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമാണെന്നും പക്ഷേ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ലെന്നും പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താന്‍ സഞ്ചരിക്കുകയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.