ന്യൂഡൽഹി– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “വോട്ട് മോഷണം” ആരോപണങ്ങളെ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. രാഹുലിൻ്റേത് കള്ള ആരോപണമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുവെന്നും യാതൊരു പക്ഷപാതവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. മീഡിയ സെൻ്ററിൽ വിളിച്ചുചേർത്ത വാർത്താസമ്മേനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മാധ്യമങ്ങളോട് സംസാരിച്ചത്. രാഹുൽ ഗാന്ധി “വോട്ടധീകാർ യാത്ര” എന്ന പേര് നൽകി തെരഞ്ഞെടുപ്പ് പ്രക്രിയയെ വിമർശിച്ച് പര്യടനം ആരംഭിച്ച ദിവസം തന്നെയാണ് കമ്മീഷൻ തങ്ങളുടെ നിലപാടുമായ് വന്നത്.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഭരണഘടനയെ അപമാനിക്കുന്നതുമാണെന്ന് കമ്മീഷണർ വിമർശിച്ചു. “വോട്ട് മോഷണം” എന്ന ആരോപണം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വോട്ടർമാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നും അനാവശ്യമായി വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭയപ്പെടുന്നില്ലെന്നും ഏതൊരു വിമർശനത്തെയും നേരിടാൻ തയ്യാറാണെന്നും ഗ്യാനേഷ് കുമാർ ചൂണ്ടിക്കാട്ടി.
വോട്ടവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതാണെന്നും കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു. വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തിനായി ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) സഹായത്തോടെയാണ് കരട് പട്ടിക തയ്യാറാക്കിയതെന്ന് കമ്മീഷണർ വിശദീകരിച്ചു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാണെന്നും അടുത്ത മാസം ഒന്നിന് മുമ്പ് പരാതികൾ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് അന്തിമ വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുകയും കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. എസ്.ഐ.ആർ പദ്ധതി സുതാര്യത ഉറപ്പാക്കാനാണ് നടപ്പാക്കിയതെന്നും എന്നാൽ, ചിലർ ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുകയാണെന്നും കമ്മീഷണർ ആരോപിച്ചു.