ലണ്ടൻ – ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ജയം നേടിയെടുത്തപ്പോൾ ന്യൂ ക്ലാസിലിന് ഗോൾ രഹിത സമനില.
ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയാണ് ന്യൂ ക്ലാസിലിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ആസ്റ്റൺ വില്ലയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂ കാസിൽ ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും ഗോൾ നേടാനായില്ല. ഈ സീസണിൽ വില്ല ടീമിൽ എത്തിച്ച ഗോൾ കീപ്പർ മാർക്കോ ബിസോട്ടിന്റെ പ്രകടനമാണ് ടീമിനെ രക്ഷിച്ചത്. വില്ല ഡിഫൻഡർ കോൻസ ചുവപ്പ് കാർഡ് കണ്ടു മടങ്ങിയെങ്കിലും ന്യൂക്ലാസിലിന് മുതലെടുക്കാൻ ആയില്ല.
ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് എത്തിയ ബേൺലിക്ക് എതിരെയായിരുന്നു സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിന്റെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യമായിരുന്നു ടോട്ടൻഹാം കാഴ്ചവച്ചത്. ബ്രസീലിയൻ താരം റിച്ചാർലിസൺ ഇരട്ട ഗോളുകൾ (10,60) നേടിയപ്പോൾ ബ്രണ്ണൻ ജോൺസൺ ആണ് മൂന്നാമത്തെ ഗോൾ നേടിയത്. അറുപതാം മിനിറ്റിൽ റിച്ചാർലിസൺ നേടിയ ബൈസിക്കിൾ ഗോൾ മത്സരത്തെ കൂടുതൽ ഭംഗിയാക്കി. ടോട്ടൻഹാമിന് വേണ്ടി മുഹമ്മദ് കുഡൂസ് രണ്ടു അസിസ്റ്റും സ്വന്തമാക്കി.
സൂപ്പർ താരം എർലിങ് ഹാലൻഡ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ വേൾവ്സിനെതിരെ ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. 34,61 മിനിറ്റുകളിൽ ഹാലൻഡ് ഗോളുകൾ നേടിയപ്പോൾ ഈ സീസണിൽ ടീമിൽ എത്തിച്ച റെയ്ൻഡേഴ്‌സ് ( 37 മിനുറ്റ് ), റയാൻ ചെർക്കി ( 81 മിനുറ്റ്) എന്നിവരും ഗോൾ നേടിയതോടെ കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ ആതിഥേയരായ വേൾവ്സിന് സാധിച്ചുള്ളൂ.
മറ്റൊരു മത്സരത്തിൽ എട്ടു വർഷത്തിനുശേഷം പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ ലഭിച്ച സണ്ടർലാൻഡ്
വെസ്റ്റ്ഹാമിനെ എതിലില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. സണ്ടർലാൻഡിന് വേണ്ടി എലിയേസർ മയെൻഡ, ഡാനിയൽ ബല്ലാഡ്, വിൽസൺ ഇസിഡോർ എന്നിവരാണ് ഗോളുകൾ നേടിയത്.