തിരുവന്തപുരം– പ്രവാസികൾക്കായുളള സാന്ത്വന ധനസഹായപദ്ധതിയുടെ പുതിയ ഓൺലൈൻ സോഫ്റ്റ്വെയറിന്റെ (മോഡ്യൂൾ) ഉദ്ഘാടനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. സാന്ത്വന പദ്ധതിയിലെ നടപടിക്രമങ്ങളുടെ ഭാഗമായുളള കാലതാമസം ഒഴിവാക്കാനാണ് പുതിയ സോഫ്റ്റ്‌വെയർ.
അപേക്ഷ നൽകുന്നതു മുതൽ ധനസഹായം അനുവദിക്കുന്നതുവരെയുളള വിവിധ തട്ടുകളിലായുളള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും അപേക്ഷകർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കാനും പുതിയ സോഫ്റ്റ്വെയർ സഹായകരമാകുമെന്ന് പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പദ്ധതികളും സേവനങ്ങളും വേഗത്തിലും കൃത്യതയോടെയും പ്രവാസികേരളീയർക്ക് ലഭ്യമാക്കുന്നതിനായുളള പേപ്പർരഹിത നോർക്ക എന്ന ലക്ഷ്യത്തിലേയ്ക്കുളള പുതിയ ചുവടുവെയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ പ്രവാസി ഗുണഭോക്താക്കൾക്ക് പ്രയോജനകരമാകുന്നതരത്തിൽ മുഖ്യമന്ത്രിയുടെ ധനസഹായ പദ്ധതിയുൾപ്പെടെയുളളവയെയും പുതിയ സോഫ്റ്റ്വെയർ വഴി ബന്ധിപ്പിക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ ഐഎഎസ് പറഞ്ഞു. പേപ്പർ ഫയലുകൾ വഴി മാസങ്ങൾ എടുക്കേണ്ട നടപടിക്രമങ്ങൾ ഇനി വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സ്ഥാപനമായ സി.ഡിറ്റിന്റെ സാങ്കേതിക പിന്തുണയോടെയാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചത്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി സ്വാഗതവും ഫിനാൻസ് മാനേജർ വി ദേവരാജൻ നന്ദിയും പറഞ്ഞു. നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി സിന്ധു എസ്, സി.ഡിറ്റ് പ്രതിനിധികൾ നോർക്ക റൂട്ട്‌സ് ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയാണ് സാന്ത്വന. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.