വാഷിംഗ്ടൺ- അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷിയായി ലോകം. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർ നേരിൽ കണ്ട സൂര്യഗ്രഹണത്തിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ലക്ഷകണക്കിന് പേർ ഓൺലൈനിലൂടെ സാക്ഷിയായി. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്ന അപൂർവ്വ പ്രതിഭാസത്തിലേക്കാണ് ലോകം കണ്ണുനട്ടത്. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് നാസയടക്കമുള്ള ഏജൻസികൾ ലൈവായി സംപ്രേഷണം ചെയ്തു. ഏപ്രിൽ എട്ട് രാത്രി 9.12ന് ആരംഭിച്ച ഗ്രഹണം ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിച്ചു. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെട്ടു.
നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ഗ്രഹണം കാണാനായി ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെട്ടു.
ദശലക്ഷക്കണക്കിന് ആളുകൾ നിരീക്ഷിച്ച അതിമനോഹരമായ ആകാശക്കാഴ്ചയായി തിങ്കളാഴ്ച വടക്കേ അമേരിക്കയിൽ എക്ലിപ്സ് മാനിയ പിടിമുറുക്കിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. വാണിജ്യപരവും ശാസ്ത്രീയവുമായ അവസരങ്ങളുടെ അപൂർവ ഒത്തുചേരലായി സൂര്യഗ്രഹണം മാറുകയും ചെയ്തു.
ചന്ദ്രന്റെ നിഴൽ മെക്സിക്കോയുടെ പസഫിക് തീരത്തെ( പ്രാദേശിക സമയം രാവിലെ 11:07) അന്ധകാരത്തിലേക്ക് തള്ളിവിട്ടു. ഒരു മണിക്കൂറിനുള്ളിൽ കാനഡയുടെ അറ്റ്ലാന്റിക് തീരത്തെ സമുദ്രത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സിന് കുറുകെ സൂര്യഗ്രഹണമുണ്ടായി.
ഗ്രഹണം കടന്നുപോയ പാതയിൽ ഉത്സവങ്ങൾ, വ്യൂവിംഗ് പാർട്ടികൾ, കൂട്ടവിവാഹങ്ങൾ എന്നിവയും ആസൂത്രണം ചെയ്തിരുന്നു. മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ സിനലോവ സന്ദർശിച്ചു. മസാറ്റ്‌ലാൻ റിസോർട്ടിൽ നിന്നുള്ള ഗ്രഹണം അദ്ദേഹം നേരിട്ട് വീക്ഷിച്ചു. “വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം” എന്നാണ് ഇതിന് അദ്ദേഹം വിശേഷിപ്പിച്ചത്.
മെക്സിക്കോ സിറ്റിയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി, “ഇവ ഭൂമിയും പ്രകൃതിയും നൽകുന്ന അവസരങ്ങളാണ്, അത് നമ്മൾ പിടിച്ചെടുക്കണമെന്ന് 29 കാരിയായ മരിയാന ജുവാരസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സൂര്യഗ്രഹണം മനോഹരമായി കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ലോഡ്ജുകളും മാസങ്ങൾക്ക് മുമ്പേ തന്നെ ആളുകൾ ബുക്ക് ചെയ്തിരുന്നു.
വടക്കേ അമേരിക്കയുടെ ഏകദേശം ഭൂരിഭാഗത്തുനിന്നും കാണാവുന്ന തരത്തിലൊരു സൂര്യഗ്രഹണമുണ്ടാകാൻ 2044 വരെ കാത്തിരിക്കണം.