ന്യൂഡല്‍ഹി– ഹരിയാനയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി റദ്ദാക്കി സുപ്രീംകോടതി. വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ വിജയിയായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി തോറ്റതാണ് ഇതിനു പിന്നിലെ കാരണം. വോട്ടിങ് മെഷീനുകള്‍ കൊണ്ടു വന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തുകയായിരുന്നു. വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ തോറ്റ വ്യക്തിക്ക് ജയിച്ച സ്ഥാനാർത്ഥിയെക്കാൾ 51 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചതായി കണ്ടെത്തി. ഇതോടെ പരാജയപ്പെട്ട സ്ഥാനാർത്ഥിയെ സര്‍പഞ്ചായി ( ഗ്രാമ തലവൻ) പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പാനിപ്പത്തിലെ ഇലക്ഷന്‍ ഓഫീസറോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപങ്കര്‍ ദത്ത, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇവിഎമ്മിലെ വോട്ടുകള്‍ വീണ്ടും എണ്ണി രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.