മഞ്ചേരി– മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണാ ജോർജിനോട് രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പരാതി ഉന്നയിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെച്ചതിനും സംഘർഷ സാധ്യത സൃഷ്ടിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചൊവ്വാഴ്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. എച്ച്ഡിസിക്ക് കീഴിൽ പ്രവർത്തിക്കുന്ന നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, എക്സ്-റേ ടെക്നീഷ്യൻമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ മന്ത്രിയോട് ശമ്പളം വൈകുന്നതിനെക്കുറിച്ച് പരാതിപ്പെട്ടു. മന്ത്രി വേഗത്തിൽ പോകാൻ തയ്യാറെടുക്കവെ, തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ ജീവനക്കാർ ബഹളം വെച്ചതായി റിപ്പോർട്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്.