ദുബൈ– എ4 അഡ്വഞ്ചർ എന്ന സാഹസിക സഞ്ചാരികളുടെ കൂട്ടായ്മ ഈ വർഷവും സ്വാതന്ത്ര്യദിനം വ്യത്യസ്തമായി ആഘോഷിച്ചു. ദുബൈയിലെ ഖോർഫക്കാനിലെ റഫിസ ഡാം മലമുകളിൽ, സമുദ്രനിരപ്പിൽ നിന്ന് 1200 അടി ഉയരത്തിൽ, ത്രിവർണ പതാക ഉയർത്തി അവർ ഈ ദിനം ആഘോഷമാക്കി. ഇന്ത്യൻ സ്വാതന്ത്ര്യദിനം ഏറ്റവും ഉയരത്തിൽ, വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ, പുലർച്ചെ മലകയറ്റം നടത്തിയാണ് ഈ കൂട്ടായ്മ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറിലധികം പേർ ഈ സാഹസിക ആഘോഷത്തിൽ പങ്കെടുത്തു.
എ4 അഡ്വഞ്ചർ ഇതിന് മുമ്പും ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിനങ്ങൾ മലമുകളിൽ ആഘോഷിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഈ വർഷവും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും, സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചും, മധുരം വിതരണം ചെയ്തും, വിവിധ കലാപരിപാടികളിലൂടെയും അവർ ഈ ദിനം അവിസ്മരണീയമാക്കി.
നൂറോളം ത്രിവർണ പതാകകൾ 1200 അടി ഉയരത്തിൽ പാറിക്കളിക്കുന്ന കാഴ്ച ഈ ആഘോഷത്തിന്റെ ഹൈലൈറ്റായിരുന്നു. എ4 അഡ്വഞ്ചറിന്റെ സ്ഥാപകൻ ഹരി കോട്ടച്ചേരി ആശംസകൾ നേർന്നു. അദ്‌നാൻ കാലടി, വിഷ്ണു മോഹൻ, അക്ഷര, അലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.