ഷാർജ– കഴിഞ്ഞ ദിവസം മലയാളി പ്രവാസിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ആശങ്കയറിയിച്ച് പ്രവാസി വ്യവസായികൾ. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ് ശൃംഗലയായ ഐപിഐ (ഇന്റർനാഷണൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ) ചെയർമാൻ റിയാസ് കൾട്ടൻ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ പത്ത് വർഷമായി തങ്ങളുടെ സംരംഭത്തിലെ അംഗമാണ് ഷമീറെന്നും ഇത് പോലൊരു സംഭവം ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിയെ കണ്ടെത്തിയ കേരളാ പോലീസിന് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. സഹപ്രവർത്തകനെ കണ്ടെത്തുന്നതിൽ കേരളാ പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിന് ഷമീറിന്റെ കമ്പനിയിലെ ഇ-കൊമേഴ്‌സ് മാനേജർ മുജീബ് പറയലങ്ങാടും നന്ദി അറിയിച്ചു.
പത്ത് ദിവസത്തെ അവധിക്കായി ഷാർജയിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു ബിസിനസുകാരനായ ഷമീർ. ആഗസ്ത് 12 ചൊവ്വാഴ്ച രാത്രി ഇദ്ദേഹത്തെ ഒരു കൂട്ടം ആളുകൾ എസ്‌യുവി കാറിൽ ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ ഇദ്ദേഹത്തിന്റെ ഭാര്യ കേരളത്തിലെത്തി പോലീസിൽ പരാതി നൽകി.
ഇതിനിടെ പ്രതികൾ രണ്ട് പ്രാവശ്യം ഷമീറിന്റെ ഭാര്യയുമായി വാട്‌സാപ്പിലൂടെ ബന്ധപ്പെടുകയും പോലീസിൽ നൽകിയ പരാതി പിൻവലിക്കാനും 1.6 കോടി മോചനദ്രവ്യമായി നൽകാനും ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് കൊല്ലത്തു നിന്ന് വ്യവസായിയെ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.