ശ്രീനഗർ– ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ 34 ഓളം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്. കിഷ്ത്വാർ കല്ക്ടർ പങ്കജ് കുമാർ ശർമ മരണസംഘ്യ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
കിഷ്ത്വാർ ജില്ലയിലെ ഉൾനാടൻ ഗ്രാമമായ ചോസിതി ഗ്രാമത്തിലാണ് അപകടമുണ്ടായത്. മചൈൽ മാതാ തീർത്ഥാടത്തിനായി നിരവധി ആളുകൾ ഒത്തുകൂടിയിരുന്ന സമയത്ത് ദുരന്തം സംഭവവിച്ചതിനാൽ മരണ സംഘ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള 9 കിലോമീറ്ററോളം നീണ്ട ട്രക്കിങ് ആരംഭിക്കുന്ന സ്ഥലത്താണ് ദുരന്തം. കിഷ്ത്വാർ നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇതുവരെ 65 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 28 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനവും പ്രാർത്ഥനയും അറിയിച്ചു. ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, കേന്ദ്ര മന്ത്രി അമിത് ഷാ, ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ എന്നിവരുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.