മസ്കത്ത്– കൂടുതൽ യാത്രക്കാരെ ആകർഷിച്ച് ഒമാനിലെ വകാൻ വില്ലേജ്. 2025 ന്റെ ആദ്യ പകുതിയിൽ തന്നെ 27,000 സന്ദർശകരാണ് വകാൻ വില്ലേജ് കാണാൻ എത്തിയത്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കാണിത്. 2024 ലെ ഇതേകാലയളവിൽ 24,093 സന്ദർശകരാണ് എത്തിയതെന്ന് അധികൃതർ പറഞ്ഞു.
വ്യത്യസ്ത കാരണങ്ങളാൽ വകാൻ വില്ലേജ് വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്നതായി സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഹെറിറ്റേജ്, ടൂറിസം ഡയറക്ടർ ഡോ. അൽ-മു’തസിം നാസർ അൽ-ഹിലാലി പറഞ്ഞു. വേനൽക്കാലത്തെ ടൂറിസത്തിന്റെ വളർച്ചയെ കുറിച്ചും അദ്ദേഹം പറഞ്ഞു. മിതമായ കാലാവസ്ഥയും വ്യത്യസ്ത തരം പഴങ്ങളുടെ വിളവെടുപ്പും വേനൽക്കാലത്ത് ആളുകളെ ആകർഷിക്കുന്നതിന് കാരണമാകുന്നു. ജൂണിൽ ആപ്രിക്കോട്ടും പീച്ചസും, ജൂലൈയിൽ അത്തിപ്പഴം, മാതളനാരങ്ങ, ഓഗസ്റ്റിൽ മൂന്ന് ഇനം പ്രാദേശിക മുന്തിരികൾ എന്നിവയാകും ഉണ്ടാകുക.
ഗ്രാമത്തിലെ മൂന്നാമത്തെ കഫേയായ “വ്യൂ വകാൻ” കഫേ അടുത്തിടെ തുറന്നതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. മലനിരകളിലെ ഗസ്റ്റ് ഹൗസിലെ താമസവും പുരാതന കാർഷിക, പർവത പാതകളിലൂടെയുള്ള കാൽനടയാത്രയും വകാനെ കൂടുതൽ മനോഹരമാക്കുന്നു. പുരാതന പള്ളി, നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള കാർഷിക ടെറസുകൾ തുടങ്ങിയ നിരവധി ചരിത്രപരമായ ലാൻഡ്മാർക്കുകളും വകാനിൽ ഉണ്ട്.