സലാല– 2025 ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഒമാൻ ഖരീഫ് ദോഫർ (മൺസൂൺ) സീസണിൽ സന്ദർശകരുടെ എണ്ണം ഏകദേശം 4,42,100 ആയി ഉയർന്നു. 2024-ലെ ഇതേ കാലയളവിൽ 4,13,122 ആയിരുന്നതിനെ അപേക്ഷിച്ച് 7 ശതമാനമാണ് വർധന. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പ്രാഥമിക കണക്കുകൾ പ്രകാരമാണിത്.
ഒമാനി സന്ദർശകരുടെ എണ്ണം 75.6% വർധിച്ച് 3,34,399 ആയി. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ 69,801 ആയിരുന്നു, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 37,900 പേരാണ്.
2025 ജൂലൈ അവസാനം വരെ 3,34,846 പേർ കരമാർഗവും 1,07,254 പേർ വിമാനമാർഗവും ദോഫർ ഗവർണറേറ്റിലെത്തി, ഇത് 2024 ജൂലൈ അവസാനത്തെ വിമാനമാർഗമെത്തിയവരെ അപേക്ഷിച്ച് 10.9% വർധനവാണ്.
2025 ജൂലൈ അവസാനം വരെയുള്ള ഖരീഫ് ദോഫർ സീസണിലെ സന്ദർശകരിൽ 95.3% പേർ ജൂലൈ 1 മുതൽ 31 വരെയും, 4.7% പേർ 2025 ജൂൺ 21 മുതൽ 30 വരെയും എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.