ന്യൂയോർക്ക്– 2026 ഫിഫ ലോകകപ്പിനുള്ള വോളന്റിയർ അപേക്ഷാ പദ്ധതി ആരംഭിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം. വരാൻ പോകുന്ന വലിയ ഫുട്ബോൾ മാമാങ്കത്തിൽ 65,000-ത്തിലധികം വോളന്റിയർമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
2026 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. 16 നഗരങ്ങളിൽ 104 മത്സരങ്ങൾ നടക്കുമെന്ന് ഫിഫ വെബ്സൈറ്റ് വ്യക്തമാക്കുന്നു. “ഇതുവരെയുള്ള ഫിഫ ഇവന്റുകളിൽ ഏറ്റവും വലിയ വോളന്റിയർ പദ്ധതിയാണിത്,” ജിയാനി പറഞ്ഞു. “വോളന്റിയർമാർ ഫിഫ ടൂർണമെന്റുകളുടെ ഹൃദയവും ആത്മാവും പുഞ്ചിരിയുമാണ്. പ്രാദേശിക അഭിമാനം പ്രകടിപ്പിക്കാനും, ടൂർണമെന്റിന്റെ പിന്നാമ്പുറ കാഴ്ചകൾ ആസ്വദിക്കാനും, ജീവിതകാലം നിലനിൽക്കുന്ന ഓർമകളും സൗഹൃദങ്ങളും നേടാനും, ചരിത്രപരമായ ഈ ഇവന്റിനെ പിന്തുണയ്ക്കാനും അവർക്ക് അവസരം ലഭിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.
വോളന്റിയർ യോഗ്യതകൾ:
- 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ 8 ഷിഫ്റ്റുകൾക്ക് പ്രതിജ്ഞാബദ്ധത.
- അപേക്ഷ സമയത്ത് 18 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം.
- ആതിഥേയ രാജ്യത്തിന്റെ പ്രവേശന നിബന്ധനകൾ പാലിക്കണം.
- ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവർ, അധിക ഭാഷകൾ അഭികാമ്യം.
- വോളന്റിയർ ടീം ട്രയൗട്ടുകളിൽ പങ്കെടുക്കുകയും പരിശീലനം പൂർത്തിയാക്കുകയും വേണം.
- പശ്ചാത്തല പരിശോധനയിൽ (മെക്സിക്കോയിൽ പ്രക്രിയ വ്യത്യസ്തം) വിജയിക്കണം.
ടൂർണമെന്റിന്റെയും മത്സരനഗരങ്ങളുടെയും വിശദാംശങ്ങൾ ഫിഫ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്-: https://www.fifa.com/en/tournaments/mens/worldcup/canadamexicousa2026/volunteers
അപേക്ഷകൾ ഈ ലിങ്ക് വഴി സമർപ്പിക്കാം-:https://volunteer.fifa.com/invite/FWC26
അപേക്ഷ ടൈംലൈൻ:
- 2025 സെപ്റ്റംബർ അവസാനം: അപേക്ഷാ റൗണ്ട് പൂർത്തിയാകും.
- 2025 ഒക്ടോബർ-2026 ജനുവരി: വോളന്റിയർ ടീം ട്രയൗട്ടുകൾ, മാനേജ്മെന്റ് ടീമുമായി കൂടിക്കാഴ്ച.
- 2025 ഡിസംബർ-2026 മാർച്ച്: തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഔദ്യോഗിക റോൾ ഓഫർ.
- 2026 മാർച്ച്-ജൂൺ: നിർബന്ധിത പരിശീലനത്തോടെ വോളന്റിയർമാർ തയ്യാറെടുക്കും.
വോളന്റിയർ ആനുകൂല്യങ്ങൾ:
- ഔദ്യോഗിക ഫിഫ ലോകകപ്പ് 2026 യൂണിഫോം.
- എക്സ്ക്ലൂസീവ് റിവാർഡുകൾ
- വോളന്റിയർ സർട്ടിഫിക്കറ്റ്.
- ഷിഫ്റ്റുകളിൽ ഭക്ഷണവും റിഫ്രഷ്മെന്റുകളും.