വെല്ലിങ്‌ടൺ– ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നിവർക്കു പിന്നാലെ ആസ്ട്രേലിയയും തീരുമാനം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു. കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീൻ ഭരണകൂടത്തിൽ ഹമാസിന് പങ്കില്ലെന്നും, ഗസ്സയെ നിരായുധീകരിക്കുമെന്നും, തെരഞ്ഞെടുപ്പ് നടത്തുമെന്നും ഫലസ്തീൻ അതോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഗസ്സയിലെ സംഘർഷവും പട്ടിണിയും ദുരിതവും അവസാനിപ്പിക്കാനാകുമെന്ന് ആൽബനീസ് അഭിപ്രായപ്പെട്ടു.
ഗസ്സയിലെ ക്രൂരതകൾക്കെതിരെ നടപടി വേണമെന്നും ഫലസ്തീനെ അംഗീകരിക്കണമെന്നും ആസ്ട്രേലിയൻ മന്ത്രിസഭാംഗങ്ങളും മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ആസ്ട്രേലിയയുടെ ഈ തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിമർശിച്ചു.
നിലവിൽ 193 യു.എൻ അംഗരാഷ്ട്രങ്ങളിൽ 150 എണ്ണം ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. യു.എസും മിക്ക പാശ്ചാത്യ രാജ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല, എങ്കിലും ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നിവ അടുത്തിടെ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു