നിയോം – ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ പദ്ധതി അടക്കം ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും വെസ്റ്റ് ബാങ്കിലെ പ്രശ്‌നങ്ങളും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രണ്ടാമന്‍ രാജാവും ചര്‍ച്ച ചെയ്തു. നിയോം കൊട്ടാരത്തില്‍ വെച്ചാണ് ജോര്‍ദാന്‍ രാജാവിനെ സൗദി കിരീടാവകാശി സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വിവിധ മേഖലകളില്‍ അവ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും അറബ്, ഇസ്‌ലാമിക ലോകത്തെ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
തബൂക്ക് പ്രവിശ്യ ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, മന്ത്രിസഭാ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസര്‍ അല്‍റുമയാന്‍, മാനവ ശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍; ജോര്‍ദാനിലെ സൗദി എംബസി ആക്ടിംഗ് ചാര്‍ജ് ഡി അഫയേഴ്സ് മുഹമ്മദ് മുഅ്‌നിസ്, ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന്‍ രാജകുമാരന്‍, പ്രധാനമന്ത്രി ഡോ. ജഅ്ഫര്‍ ഹസ്സാന്‍, ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ജോര്‍ദാന്‍ രാജാവിന്റെ ഓഫീസ് ഡയറക്ടര്‍ അലാ അല്‍ബതായിന, ജോര്‍ദാന്‍ കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ഡോ. സൈദ് അല്‍ബഖാഈന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.