കൊച്ചി– കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയുടെ മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. പറവൂർ ആലങ്ങാട് തോപ്പിൽപറമ്പിൽ റമീസ്(24) ആണ് അറസ്റ്റിലായത്. ടിടിഐ വിദ്യര്‍ഥിനിയാണ് സോന എൽദോസ്. വിവാഹ വാഗ്ദാനം നൽകി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റമീസിന്റെ വീട്ടുകാരെയും പ്രതി ചേർത്തേക്കും. സോനയെ മർദിക്കാൻ വീട്ടുകാരും കൂട്ടുനിന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ സോനയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. കോളേജ് കാലം മുതലേ ഇരുവരും പ്രണയത്തിൽ ആയിരുന്നു. എന്നാൽ, വിവാഹം നടക്കണമെങ്കിൽ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് സോനയുടെ കുടുംബം പറയുന്നത്. മതം മാറാൻ ആദ്യം തയ്യാറായിരുന്ന സോന റമീസിനെ അനാശ്യാസത്തിന് പിടിച്ചതിന് പിന്നാലെ പിന്മാറുകയായിരുന്നു. എന്നാൽ, മതം മാറിയില്ലെങ്കിലും റജിസ്റ്റർ വിവാഹം കഴിക്കാമെന്നും സോന നിലപാടെടുത്തിരുന്നു. ഇക്കാര്യം സോന ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. ഇതിനിടയിൽ സോനയെ രജിസ്റ്റർ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് പറഞ്ഞ റമീസ് വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു.