ജിദ്ദ – ഇസ്രായിലിലേക്ക് ചരക്ക് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിച്ച ആരോപണങ്ങള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ സ്വന്തമായുള്ള സൗദി ഷിപ്പിംഗ് കമ്പനി (ബഹ്രി) നിഷേധിച്ചു. ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ സ്ഥാപിത നയങ്ങളോടും സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന എല്ലാ പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങളോടും ചട്ടങ്ങളോടും പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായിലിലേക്ക് ഒരുവിധ ചരക്കുകളും ഒരു തരത്തിലും ഒരു കാലത്തും കമ്പനി നീക്കം ചെയ്തിട്ടില്ല.
ബന്ധപ്പെട്ട നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ശനമായ മേല്‍നോട്ടത്തിനും ഓഡിറ്റിംഗ് നടപടിക്രമങ്ങള്‍ക്കും വിധേയമാണ്. കമ്പനിയുടെ സല്‍പേരിന് കളങ്കം തട്ടിക്കുന്നതോ, കമ്പനിയുടെ നയങ്ങളെയും സമീപനത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതോ ആയ കുത്സിത ലക്ഷ്യങ്ങളോടെയുള്ള ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ കൃത്യത പരിശോധിക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കമ്പനി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
നാഷണല്‍ ഷിപ്പിംഗ് കമ്പനി ഓഫ് സൗദി അറേബ്യ (ബഹ്രി) 315 കോടി റിയാല്‍ മൂലധനത്തോടെ 1979 ഒക്ടോബര്‍ 22 ന് സ്ഥാപിതമായ സൗദി ജോയിന്റ്-സ്റ്റോക്ക് കമ്പനിയാണ്. ജനറല്‍ സര്‍വീസുകള്‍, എണ്ണ, പെട്രോകെമിക്കല്‍ ഗതാഗതം, ജനറല്‍ കാര്‍ഗോ, കണ്ടെയ്നര്‍ സേവനങ്ങള്‍, കപ്പല്‍ ലീസിംഗ്, കണ്ടെയ്നര്‍ റിപ്പയര്‍, കപ്പല്‍ മാനേജ്മെന്റ് എന്നീ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ക്രൂഡ് ഓയിലും പെട്രോകെമിക്കല്‍സ് ഉല്‍പന്നങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ 92 കപ്പലുകളും ലീസിനെടുത്ത ആറ് കപ്പലുകളുമുണ്ട്.