ഗാസ: ഗാസയിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി ഇസ്രായേൽ സൈന്യം സത്യത്തെ കൊല്ലാൻ ശ്രമിക്കുന്നതായി അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ. അൽജസീറ റിപ്പോർട്ടർ അനസ് അൽശരീഫ് ധീരനായ മാധ്യമപ്രവർത്തകനായിരുന്നുവെന്നും, ജീവന് ഭീഷണിയുണ്ടായിട്ടും തന്റെ പ്രവർത്തനം തുടർന്നുവെന്നും ഐറിൻ ഖാൻ പറഞ്ഞു.
അനസ് അൽശരീഫിന്റെയും സഹപ്രവർത്തകനായ അൽജസീറ റിപ്പോർട്ടർ മുഹമ്മദ് ഖുറൈഖിന്റെയും രക്തസാക്ഷിത്വത്തിൽ ഐറിൻ ഖാൻ അഗാധ ദുഃഖം പ്രകടിപ്പിച്ചു. ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ ലോകത്തെ അറിയിക്കാൻ ഗാസയിലെ മാധ്യമപ്രവർത്തകർ ജീവൻ പണയപ്പെടുത്തുന്നു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇസ്രായേൽ അത് അവഗണിച്ചു. അവർക്ക് മാന്യത അറിയില്ലെന്നും ഐറിൻ ഖാൻ വിമർശിച്ചു.
ഗാസ നഗരത്തിലെ അൽശിഫ മെഡിക്കൽ കോംപ്ലക്സിനോട് ചേർന്നുള്ള മാധ്യമപ്രവർത്തകരുടെ തമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽജസീറ റിപ്പോർട്ടർമാരായ അനസ് അൽശരീഫ്, മുഹമ്മദ് ഖുറൈഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഹമ്മദ് നൗഫൽ എന്നിവർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യു.എൻ ഉദ്യോഗസ്ഥയുടെ രൂക്ഷ പ്രസ്താവന. 2023 ഒക്ടോബർ മുതലുള്ള ഗാസ യുദ്ധത്തിൽ മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നാണിത്.
ഗാസയിൽ നിന്നുള്ള ദൃശ്യങ്ങൾ തടയാനാണ് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ലക്ഷ്യം. ഫലസ്തീൻ ആഖ്യാനത്തെ ഇല്ലാതാക്കാമെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. എന്നാൽ, സത്യത്തെ കൊല്ലാൻ ഇസ്രായേലിന് കഴിയില്ല. ദൃക്‌സാക്ഷികളെയും ശബ്ദങ്ങളെയും നിശബ്ദമാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നു.
മാധ്യമപ്രവർത്തകരുടെ കൊലപാതകം ഗാസയിലെ വാർത്തകളുടെ ഒഴുക്ക് തടയില്ല. സിവിലിയൻമാർക്കെതിരെയുള്ള കൂട്ടക്കൊലകളെ സ്വതന്ത്ര ശബ്ദങ്ങൾ തുറന്നുകാട്ടും. യുദ്ധം നിർത്താനും, ഗാസയിൽ മാനുഷിക സഹായം എത്തിക്കാനും, മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐറിൻ ഖാൻ ആവശ്യപ്പെട്ടു.
ഇസ്രായേൽ സൈന്യം മനഃപൂർവം അനസ് അൽശരീഫിനെ കൊലപ്പെടുത്തിയതായി ഐറിൻ ഖാൻ ആരോപിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിക്കണം. ഈ അപകടസാധ്യതകൾ പ്രാദേശിക മാധ്യമങ്ങൾക്ക് മാത്രം വഹിക്കാൻ കഴിയില്ല. മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലകൾ തടയാനും, ഗാസയിൽ ഉപരോധിക്കപ്പെട്ടവർക്ക് സഹായം എത്തിക്കാനും അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഡസൻ കണക്കിന് പത്രപ്രവർത്തകർ ഉൾപ്പെടെ പതിനായിരക്കണക്കിന് ഗാസക്കാരെ കൊലപ്പെടുത്തിയതിന് ഇസ്രായേൽ നേതാക്കളോട് കണക്ക് ചോദിക്കാത്തതും, അന്താരാഷ്ട്ര ശിക്ഷാ നടപടികളിൽ നിന്ന് ഇസ്രായേൽ ഊരിപ്പോകുന്നതും കൊലപാതക പരമ്പര തുടരാൻ ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുന്നു. ഇസ്രായേലിനുമേൽ കൂടുതൽ സമ്മർദവും ഉപരോധവും ആവശ്യമാണ്. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള നിയമലംഘനങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്നും, ഇസ്രായേലുമായി സഖ്യത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ പ്രായോഗിക നടപടികളിലൂടെ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും ഐറിൻ ഖാൻ പറഞ്ഞു.
ഇസ്രായേൽ സൈന്യം തങ്ങളുടെ ക്രൂരതകൾക്ക് സാക്ഷ്യം വഹിക്കുന്ന ഏതൊരു ശബ്ദത്തെയും കണ്ണിനെയും നിശബ്ദമാക്കാൻ ശ്രമിക്കുന്നു. അനസ് അൽശരീഫിനെക്കുറിച്ചുള്ള ഇസ്രായേലിന്റെ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം നേരിട്ടുള്ള അപകടത്തെക്കുറിച്ച് അവബോധമുണ്ടായിട്ടും സത്യം റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്ന് അനസ് തന്നോട് പറഞ്ഞിരുന്നു. അനസ് അൽശരീഫ് ധീരനായ മനുഷ്യനായിരുന്നെന്ന് ഐറിൻ ഖാൻ വിശേഷിപ്പിച്ചു.
വെടിനിർത്തൽ ചർച്ചകളെക്കുറിച്ചുള്ള വാർത്തകളുമായി ബന്ധപ്പെട്ടാണ് അൽജസീറ റിപ്പോർട്ടർമാർക്കെതിരെയുള്ള ആക്രമണം. ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ വലിയ കരയുദ്ധ ഓപ്പറേഷൻ പ്രഖ്യാപനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐറിൻ ഖാൻ ആവശ്യപ്പെട്ടു.