ഫ്ലോറിഡ– ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മിയാമിക്ക് വൻ തോൽവി. മേജർ ലീഗ് സോക്കറിൽ ഒർലാൻഡോ സിറ്റിക്ക് എതിരെയായിരുന്നു തോൽവി. ഒർലാൻഡോയുടെ ഹോം ഗ്രൗണ്ടായ ഇൻ്റർ & കോ സ്റ്റേഡിയത്ത് വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പരാജയപ്പെട്ടത്. സീസണിലെ മിയാമിയുടെ അഞ്ചാം തോൽവിയാണിത്.
മത്സരം തുടങ്ങി രണ്ടാം മിനുറ്റിൽ തന്നെ മിയാമി ഗോൾ വഴങ്ങി. കൊളംബിയൻ താരം ലൂയിസ് മുറിയലാണ് ഗോൾ നേടിയത്. മൂന്നും മിനുറ്റുകൾക്ക് ശേഷം യാനിക് ബ്രൈറ്റ് മിയാമിയെ ഒപ്പമെത്തിച്ച് പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. രണ്ടാം പകുതിയിലായിരുന്നു ബാക്കി മൂന്നും ഗോളുകളും വന്നത്. 50-ാം മിനുറ്റിൽ മുറിയൽ തന്നെ ഒർലാൻഡോയെ മുന്നിലെത്തിച്ചു. 58-ാം മിനുറ്റിൽ മാർട്ടിൻ ഒജെഡയിലൂടെ ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കെ ക്രൊയേഷ്യൻ താരം മാർക്കോ പസാലിച്ചും കൂടി ഗോൾ നേടിയതോടെ മിയാമി തോൽവി പൂർണമായി.
നിലവിൽ ഈസ്റ്റേൺ ടീമുകൾ ഉൾപ്പെടുന്ന ടേബിളിൽ 23 മത്സരങ്ങളിൽ നിന്ന് 12 ജയമടക്കം 42 പോയിന്റുമായി ആറാമതാണ്.